Monday, May 3, 2010

ജോസേ, സത്യത്തില്‍ എന്താ സംഭവിച്ചേ?

ഡ്രൈവിംഗ്! അതെനിക്കെന്നും ഒരു ഹരമായിരുന്നു. അതുകൊണ്ടുതന്നെ എന്റെ ബന്ധു ജോസേട്ടന്‍ എന്റെ ലിസ്റ്റിലെ പുലികളില്‍ ഒരു ഡബിള്‍ പുലിയായിരുന്നു. വരാക്കര അമ്പു പെരുന്നാളിന് ശനിയാഴ്ച രാത്രി ബെന്‍സില്‍ വന്നു നാല് പെഗ് പടപടാന്ന് അകത്താക്കി തിരിച്ചു പോയി ഞായറാഴ്ച ലാന്‍ഡ്‌ റോവറില്‍ വന്നു ഫുഡടിക്കുന്നവനെപറ്റി ,ഓട്ടാനൊരു നാല്‍ചക്രം പോയിട്ട് മുച്ചക്രം പോലും ഇല്ലാതിരുന്ന ഞാന്‍ അങ്ങിനെ കരുതിയില്ലെങ്കിലല്ലേ അതിശയമുള്ളൂ?

അല്ലെങ്കിലും ജോസേട്ടന്‍ ഒരു പുലി തന്നെ ആയിരുന്നു. അഞ്ചടി ഉയരമേ ഉള്ളുവെങ്കിലും കാളവണ്ടിയുഗത്തിലെ NH47 നിലൂടെ 200 കി .മീ. സ്പീഡില്‍ ബെന്സോടിച്ചവന്‍ ജോസ്, പശ്ചിമബംഗാളിലെ കല്‍ക്കത്തയില്‍ നിന്നും ബ്രിട്ടീഷ്‌ ഹൈക്കമ്മീഷണറുടെ ലാന്‍ഡ്‌ റോവര്‍ ലേലത്തില്‍ പിടിച്ചു ഒറ്റക്കോടിച്ചു നാട്ടിലെത്തിയവന്‍ ജോസ്, ഒറ്റയിരിപ്പിനരക്കുപ്പി അടിച്ചാലും പാളാതെ വണ്ടിയോട്ടുന്നവന്‍ ജോസ്, സര്‍വ്വോപരി കരുണാകരന്റെ കാറ് തൃശ്ശൂരില്‍ വച്ച് കേടായപ്പോള്‍ തന്റെ മുതലാളിയുടെ പുത്തന്‍ ബെന്‍സ്‌ കാറില്‍ അദ്ദേഹത്തെ ശരവേഗത്തില് ആലുവ ഗസ്റ്റ് ഹൌസിലെതിച്ചു വേഗതയുടെ ആശാനായ കരുണാകരനില് നിന്നും അഭിനന്ദനങ്ങള്‍ ഏറ്റു്വാങ്ങിയവ്ന്‍ ജോസ്. അങ്ങിനെ ജോസേട്ടനെ പുലിയായി കാണാന്‍ കാരണങ്ങല്‍ ധാരാളം.

അക്കാലത്ത് ജോസേട്ടന്‍ തൃശ്ശൂരിലെ ഒരു പണച്ചാക്കിന്റെ മെയിന്‍ ഡ്രൈവര്‍ ആയിരുന്നു.പണചാക്കും കെട്ടിയവളും രണ്ടു പീക്കിരി പിള്ളേരും താമസിക്കുന്ന വീട്ടില്‍ പതിനാലു കാറുണ്ട് പോലും. ഏതായാലും അവിടെ ബെന്‍സ്‌, ലാന്‍ഡ്‌ റോവര്‍, ഓപല്‍ ആസ്ട്ര, മാരുതി എസ്റ്റീം , മാരുതി സെന്‍ , മഹിന്ദ്ര ജീപ്പ് എന്നിവ ഉണ്ടായിരുന്നെന്ന് എനിക്ക് നന്നായറിയാം. കാരണം, കൃത്യം പതിനെട്ടു വയസ്സില്‍ ഡ്രൈവിംഗ് ലൈസേന്‍സെടുത്തു ഒരു കൊല്ലത്തിനകം ജോസേട്ടന്റെ കൂടെക്കൂടി ഈ വണ്ടികളെല്ലാം പൂതി തീരുവോളം ഞാനോടിച്ചിട്ടുണ്ടെന്നത് തന്നെ.

ഇതില്പറഞ്ഞ മഹിന്ദ്ര ജീപ്പ് ആണ് ഇന്നത്തെ നമ്മുടെ താരം. ഇദ്ദേഹം ബോംബെയിലെ മഹിന്ദ്രാ ഫാക്ടറിയില്‍ നിന്നും പിറന്നു വീണത്‌ 1970 ല്‍ ആണ്. പണച്ചാക്കിന്റെ അപ്പന്‍ പച്ചപിടിച്ചപ്പോള്‍ ആദ്യമായി വാങ്ങിയ വണ്ടിയാണ്. ഐശ്വര്യകാരണം എന്ന് കരുതി ഇതുവരെയും ഇദ്ദേഹത്തിനു പെന്‍ഷന്‍ കൊടുത്തു ഡിസ്പോസ് ചെയ്തിട്ടില്ല. പെട്രോളിന് വില കൂടിയപ്പോള്‍ ഒറിജിനല്‍ പെട്രോള്‍ എഞ്ചിന് മാറ്റി പെര്‍ക്കിന്‍സിന്‍റെ മൂന്നു സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് പിടിപ്പിച്ചിരിക്കുന്നത്. (പതിനാലു കാറുള്ളവനാണ് പെട്രോള്‍ വിലയെ പേടി. ആനയെ വാങ്ങാം, തോട്ടി വാങ്ങാന്മേല) .കാര്യം ബെന്‍സും റോവറും എല്ലാം ഉണ്ടെങ്കിലും എനിക്കേറ്റവും ഓടിക്കാന്‍ ഇഷ്ട്ടം ജീപ്പ് ആയിരുന്നു. ഇനി എവിടെയെന്കിലുമൊന്നു തട്ടിയാലും നോ വറിസ്. നന്നാക്കാന്‍ എളുപ്പം. ഡ്രൈവിംഗ് പഠിച്ചു വരുന്ന കാലത്ത് മുന്‍ചക്രം നോക്കി വണ്ടി തിരിക്കാന്‍ എളുപ്പം. അങ്ങിനെ മൊത്തത്തില്‍ വില തുച്ചം ഗുണം മെച്ചം.


അക്കാലത്ത് വരാക്കരക്കടുത്തു മാട്ടുമലയില്‍ പണചാക്കിനൊരു ഫാം ഹൌസ് ആന്‍റ് എസ്റ്റേറ്റ്‌ ഉണ്ടായിരുന്നു. ഒരു ഇരുപതേക്കര്‍ പറമ്പും അതില്‍ ഒരു പത്തമ്പത് ആടുകളും. (മണീസ് കളയാനുള്ള ഓരോ മാര്‍ഗങ്ങളേ) . മാട്ടുമലയുടെ ഉച്ചിയിലായതിനാല്‍ പഠിച്ച പണി പതിനെട്ടും പയറ്റിയെങ്കിലും വെള്ളം മാത്രംഅവിടെ കിട്ടിയില്ല. മനുഷ്യനായാലും ആടായാലും വെള്ളം ഇല്ലാതെ ജീവിക്കാനൊക്കില്ലല്ലോ. അതുകൊണ്ട് ആഴ്ചതോറും ജോസേട്ടനൊരു പണി കിട്ടി. മലക്ക് താഴെ പണച്ചാക്കിന്റെ മറ്റൊരു തോട്ടമുണ്ട്. അവിടെ വെള്ളവുമുണ്ട്. നമ്മുടെ ജീപ്പിന്റെ പുറകില്‍ ഒരു ട്രെയിലര്‍ പിടിപ്പിച്ചു അതില്‍ ആറു വലിയ ഡ്രംമ്മുകള്‍ വച്ച് വെള്ളം നിറച്ചു മാട്ടുമലയിലേക്ക് ഓടിച്ചു കയറ്റണം.

ഈ ദൌത്യ നിര്‍്ഹണത്തിന്റെ ഭാഗമായി ഒരു വെള്ളിയാഴ്ച വൈകുന്നേരം ആറുമണിക്ക് കക്ഷി എന്റെ വീട്ടില്‍ എത്തി. കൂടെ ആടുഫാം ആള്‍ ഇന്‍ ആള്‍ മത്തായി ചേട്ടനുമുണ്ട്. വീടിലുണ്ടായിരുന്ന ഒരു ഫുള്‍കുപ്പി ഹണീബീ രണ്ടു പേരും കൂടി തീര്‍ത്തു. സമയം ഏകദേശം എട്ടരമണി. രാത്രിയായതുകൊണ്ടും , ലക്‌ഷ്യം മാട്ടുമലയായത് കൊണ്ടും, മെയിന്‍ ഡ്രൈവറുടെയും ഫാം മാനേജരുടെയും സ്ഥിതി അത്ര പന്തിയല്ല എന്ന് തോന്നിയതുകൊണ്ടും പയ്യനായ എന്നെ അവരുടെ കൂടെ വിടാന്‍ എന്റെ അപ്പച്ചന്‍ ഒന്ന് മടിച്ചു. എങ്കിലും ഞാന്‍ ഒരു അരമണിക്കൂറോളം പല പല പോയന്റുകള്‍ നിരത്തി അവരുടെ കൂടെ പോകുന്നത് എന്തുകൊണ്ടും നല്ലതാണെന്ന് സമര്ത്ഥിച്ചു സമ്മതം വാങ്ങി. അല്ലെങ്കിലും എനിക്ക് ടാറിട്ട സമതല റോഡിനേക്കാളും എന്തുകൊണ്ടും വളഞ്ഞു പുളഞ്ഞു പോകുന്ന കാട്ടുവഴികളിലൂടെ വണ്ടി ഓടിക്കാനാണിഷ്ടം. (ഈ ദുബായിയിലെ പന്ത്രണ്ടു വരി പാതകള്‍ ഒക്കെ എന്തിനു കൊള്ളാം? നമ്മുടെ ആമ്പല്ലൂര്‍ - ചിമ്മിനി ഡാം അല്ലെങ്കില്‍ ചൌക്ക-അതിരപ്പിള്ളി അല്ലെങ്കില്‍ വരാക്കര-മാട്ടുമല റോഡുകളില്‍ വണ്ടി ഓടിക്കുന്നതിന്റെ പകുതി സുഖമുണ്ടോ? ഹും!)


അങ്ങിനെ ഞങ്ങള്‍ മൂന്നുപേരും മാട്ടുമലയിലേക്ക് പുറപ്പെട്ടു. ഞാന്‍ വണ്ടിയോട്ടുന്നു. ജോസേട്ടന്‍ അരികില്‍ ഇരുന്നുറങ്ങുന്നു. മത്തായിചേട്ടന് പുറകില്‍ കിടന്നുറങ്ങുന്നു. പറയത്തക്ക ലോഡ് ഇല്ലാത്തതിനാല്‍ ഞങ്ങള്‍ അര മണിക്കൂറുകൊണ്ട് താഴ്വാരത്തെതി. ഡ്രമ്മുകളില്‍ വെള്ളം നിറച്ചു മലകയറാന്‍ ആരംഭിച്ചു. പിന്നീടങ്ങോട്ട് ഒച്ചിഴയുന്നത് പോലെയാണ് പോക്ക്. ആറു ഡ്രമ്മുകളിലും കൂടി 1200 ലിറ്റര്‍ വെള്ളമുണ്ട്. ജീപ്പ് ഫോര്‍ വീല്‍ ഡ്രൈവിലിട്ടു ലോ റേഞ്ച് ഗിയറിലാണ് മലകയറ്റം. ഉരുളന്‍ കല്ലുകള്‍ നിറഞ്ഞതാണ്‌ വഴി. അതങ്ങിനെ മാട്ടുമലയെ വയിന്റ്റ് ചെയ്ത് ഉച്ചിയിലേക്ക് പോകുന്നു. മല വെട്ടിയുണ്ടാക്കിയതാണ് വഴി. ഒരു വശത്ത് മാട്ടം. മറുവശം അഗാധ ഗര്‍ത്തം. അതുകൊണ്ടൊന്നും ഞാന്‍ പേടിച്ചില്ല. കാരണം, അവയൊന്നും എനിക്ക് കാണാന്‍ മേലായിരുന്നു. ജീപ്പിന്റെ ലൈറ്റല്ലാതെ വേറൊരു വെട്ടവും ഇല്ല. ഇടത്തോട്ട് തൊണ്ണൂറു ഡിഗ്രിയിലുള്ള ഒരു വളവു തിരിഞ്ഞു കുത്തനെയുള്ള ഒരു കയറ്റം കയറി്ചെല്ലുമ്പോള് എസ്റ്റേറ്റ്‌ ഗേറ്റ് കാണാം. ഈ യാത്രയുടെ പ്രത്യേകത ബ്രേക്ക് വേണമെന്നില്ല എന്നതാണ്. മണിക്കൂറില്‍ രണ്ടു കി. മീ. യില്‍ പോകുമ്പോളെന്തിനാണ് ബ്രേക്ക്? എങ്കിലും കുറേനേരം ആക്സിലറേറ്റര്‍ ചവിട്ടിപിടിച്ചു മടുത്തപ്പോള്‍ ഞാന്‍ വെറുതെ ഒന്ന് ബ്രേക്കില്‍ കാലു വച്ച് നോക്കി. ബ്രേക്ക് പെഡല്‍ പതിവിലും ഈസിയായി താഴേക്ക്‌ പോകുന്നു. ബ്രേക്ക് ചവിട്ടിയിട്ടും വണ്ടി പോടാ പുല്ലേ എന്നും പറഞ്ഞു മുന്നോട്ടിഴയുന്നു. അപ്പോഴേക്കും വണ്ടിയ്ടെ കുലുക്കം കാരണം ജോസേട്ടന്‍ ഉണര്‍ന്നു കൊട്ടുവായും വിട്ടിരിപ്പുണ്ടായിരുന്നു. ഞാന്‍ കാര്യം പറഞ്ഞു. ഡ്രൈവര്‍മാരില്‍ പുലിയായ ജോസേട്ടനുണ്ടോ കുലുങ്ങുന്നു? ഞാന്‍ നേരത്തെ പറഞ്ഞ പോലെ ഈ കയറ്റം വലിക്കാന്‍ ബ്രേക്ക് അല്പം കുറഞ്ഞാലും സാരമില്ല എന്ന് പറഞ്ഞെന്നെ ആശ്വസിപ്പിച്ചു. ഗേറ്റിന് അടുത്ത് എത്തുമ്പോള്‍ എന്ജിന്‍ ഇരപ്പിച്ചു ക്ലച്ചു താങ്ങി വണ്ടി പുറകോട്ടിറങ്ങാതെ നിറുത്തണമെന്ന് പറഞ്ഞു.


ഞാന്‍ അതുപോലെ തന്നെ ചെയ്തു. ജോസേട്ടന്‍ ഇറങ്ങി ഗേറ്റ് തുറന്നു. ഞാന്‍ വണ്ടി അകത്തേക്ക് കയറ്റി. മത്തായി ചേട്ടന്‍ ചാടിയെണീറ്റു വെള്ളം അണ്‍ലോഡിംഗ് തുടങ്ങി. ജോസേട്ടനും ഞാനും കൂടി ബ്രേക്ക് പരിശോധിച്ചു. എഞ്ചിന്‍ ഓഫാക്കി ബ്രേക്ക് ചവിട്ടുമ്പോള്‍ പാമ്പ് ചീറ്റും പോലെ ഒരു സ്വരം കേള്‍ക്കാം. നോക്കിയപ്പോള്‍, മുന്‍പിലെ ഇടതു ചക്രത്തിലേക്ക് പോകുന്ന ഹൈഡ്രോളിക് പൈപ്പ് ലീക്ക് ചെയ്യുന്നു. അന്നേ ആട്ടോമൊബൈല്‍ എന്ജിനീയറി്ങ്ങില് അതീവ തത്പരനായിരുന്ന ഞാന്‍ എന്തോ വലിയ കണ്ടുപിടുത്തം നടത്തിയ പോലെ ഇത് ജോസേട്ടന് കാണിച്ചു കൊടുത്തു. ഇതൊക്കെ ഞാന്‍ എത്ര കണ്ടിരിക്കുന്നു എന്നാ ഭാവത്തില്‍ കക്ഷി ആ പൈപ് ചക്രത്തില്‍ നിന്നും വലിച്ചൂരി ലീക്കുള്ള ഭാഗം മുറിച്ചു അതില്‍ ഒരു ബോള്‍ട്ട് തിരുകി കയറ്റി. അതായത് ഇപ്പോള്‍ മൂന്നു ചക്രങ്ങളിലേ ബ്രേക്ക് വര്‍ക്ക് ചെയ്യൂ എന്നര്‍ത്ഥം. അതിനെന്താ, തിരിച്ചു പോകുമ്പോള്‍ ലോഡില്ല, ട്രെയിലര്‍ ഫാമില്‍ തന്നെ ഇട്ടു ജീപ്പ് മാത്രം കൊണ്ടാണ് തിരിച്ചു പോക്ക്. മൂന്ന് ബ്രേക്ക് തന്നെ ധാരാളം എന്നെല്ലാം കക്ഷി വാചകമടിച്ചു. എങ്കിലും എനിക്കത്ര ധൈര്യം പോര എന്ന് മനസ്സിലാക്കി തിരിച്ചു പോകുമ്പോള്‍ താന്‍ തന്നെ വണ്ടി ഓടിക്കാം എന്ന് ജോസേട്ടന്‍ പറഞ്ഞു. അങ്ങിനെ രാത്രി ഒരു പതിനൊന്നു മണി ആയപ്പോള്‍ ഞങ്ങള്‍ മലയിറങ്ങാന്‍ തുടങ്ങി. ജോസേട്ടന്‍ വണ്ടി ഓടിക്കുന്നു. മത്തായി ചേട്ടന്‍ മുന്‍പില്‍ അടുത്തിരിക്കുന്നു. (മത്തായി ചേട്ടന്‍ ഈ വിവരങ്ങളൊന്നും അറിഞ്ഞിട്ടില്ല) ഞാന്‍ പുറകില്‍ ഇരിക്കുന്നു. (മനപൂര്‍വം പുറകില്‍ പോയതാണ്. പന്തിയല്ലെന്ന് കണ്ടാല്‍ പുറകോട്ടു ചാടാമല്ലോ എന്ന് കരുതി.)


ഗെയ്റ്റ് കടന്നാല്‍ ഉടനെ തന്നെ കുത്തനെയുള്ള ഇറക്കമാണ്. ഇറക്കത്തിന് നടുവില്‍ ഒരു തൊണ്ണൂറു ഡിഗ്രീ വളവും. മുകളില്‍ വച്ചേ ജോസേട്ടന്‍ ബ്രേക്ക് ഒന്ന് ചവിട്ടി ടെസ്റ്റ്‌ ചെയ്തു. അപ്പോഴേ ആ ബോള്‍ട്ട് ഇളകി പോയെന്നു തോന്നുന്നു. ബ്രേക്ക് പെഡല്‍ ബില്‍ക്കുല്‍ ഫ്രീ. തൊടാതെ തന്നെ ആള് താഴേക്ക്‌ പോകുന്നു. " ബ്രേക്കില്ല, പിടിച്ചിരുന്നോ" ജോസേട്ടന്‍ അലറിവിളിച്ചു. അതുവരെ ഉറക്കപ്പിച്ചിലിരുന്നിരുന്ന മത്തായിചേട്ടന്‍ ഞെട്ടിയെണീറ്റു. കരിമ്പൂച്ച കരി ഓയിലില്‍ വീണ പോലത്തെ ഒറിജിനല്‍ ജപ്പാന്‍ ബ്ലാക്ക്‌ കളറുള്ള മത്തായിചേട്ടന്റെ മുഖം പോലും രക്തം വാര്‍ന്നു വിളറി വെളുക്കുന്നത്‌ ജീപ്പിനുള്ളിലെ അരണ്ട വെളിച്ചത്തിലും ഞാന്‍ കണ്ടു.


കുന്നിന്മുകളില്‍ നിന്നും കല്ലുരുട്ടിവിട്ട പോലെ ജീപ്പ് താഴേക്ക്‌ പാഞ്ഞു തുടങ്ങി. പിന്നത്തെ ഒരഞ്ചു മിനിറ്റ് എനിക്കൊരിക്കലും മറക്കാന്‍ കഴിയില്ല. എന്നുമാത്രമല്ല പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നും അതാലോചിക്കുമ്പോള്‍ ഒരു മിന്നല്‍ പിണര്‍ മനസ്സിലൂടെ പാഞ്ഞു പോകുന്നു. നിമിഷം പ്രതി ജീപ്പിന്റെ വേഗത കൂടി വരുന്നു. ഉരുളങ്കല്ലിന്മേല്‍ ചാടി പോകുന്നത് കൊണ്ട് വല്ലപ്പോഴുമേ ചക്ക്രങ്ങള്‍ നിലത്തു തൊടുന്നുള്ളൂ. ആകെ മൂന്ന് ഫോര്‍വേഡ് ഗിയരുകളെ ജീപ്പിനുള്ളൂ. ഗിയര്‍ ഡൌണ്‍ ചെയ്തു എഞ്ചിന്‍ ബ്രേക്ക് ചെയ്യാന്‍ ജോസേട്ടന്‍ ശ്രമിക്കുന്നുണ്ട്. ഒരു രക്ഷയുമില്ല. ക്ലച്ചമാര്‍ത്തിയാല് ഉടന്‍ സ്പീഡ് കൂടും. അതുപോലത്തെ ഇറക്കമാണ്. തൊണ്ണൂറു ഡിഗ്രീ വളവാണെങ്കില് അടുത്തെത്തി. ഈ സ്പീഡില്‍ പോയാല്‍ ആ വളവു തിരിക്കാന്‍ ജോസേട്ടനെന്നല്ല മൈക്കല്‍ ഷൂമാക്കരിനു പോലും പറ്റില്ലെന്നത് നൂറു തരം. ജീപ്പ് ഓരോ വശത്തേക്ക് ചെരിയുമ്പോളുംപുറകിലെ കമ്പികളില്‍ പഞ്ഞിമരത്തിലെ വവ്വാലിനെ പോലെ തൂങ്ങി ആടുകയാണ് ഞാന്‍. പുറകിലേക്ക് ചാടാന്‍ പോയിട്ട് കാലൊ്ന്നുറപ്പിക്കാന്‍ പോലും കഴിയുന്നില്ല. വളവു തിരിഞ്ഞില്ലെങ്കില്‍ നേരെ പോകുന്നത് ഒരു അറുപതു അടിയെങ്കിലും താഴെ റബര്‍ തോട്ടത്തിലേക്കാണ്. വിമാനം താഴെ വീഴാന്‍ പോകുകയാണ് എന്ന് പൈലറ്റ്‌ പറഞ്ഞാലുള്ള യാത്രക്കാരുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. അതെ അവസ്ഥയിലാണ് ഞാന്‍.

അവസാന നിമിഷത്തില്‍ ജോസേട്ടനൊരു ബുദ്ധി തോന്നി. വണ്ടി റിവേഴ്സ് ഗിയരിലിട്ടു പതുക്കെ ക്ലച്ച് താങ്ങി വേഗത കുറയ്ക്കാം. വിനാശ കാലേ വിപരീത ബുദ്ധി. ഇത്രയും സ്പീഡില്‍ പോകുന്ന വണ്ടി റിവേഴ്സ് ഗിയറില്‍ ഇടണമെങ്കില്‍ ക്ലച്ച് പൂര്‍ണ്ണമായും അമര്‍ത്തി എന്ജിനുമായുള്ള കണക്ഷന്‍ മുഴുവനായും ഇല്ലാതാക്കണം. അങ്ങിനെ ചെയ്യുമ്പോള്‍ വണ്ടിക്കു വീണ്ടും വീണ്ടും സ്പീഡ് കൂടുകയാണ്. (ഗുരുത്വാകര്‍ഷണം) . പക്ഷെ വേറെ മാര്‍ഗമില്ലാത്ത സ്ഥിതിക്ക് അതുതന്നെ ചെയ്തു. ഇനി വളരെ പതുക്കെ ക്ലുച്ച് റിലീസ് ചെയ്തു ബ്രേക്ക് ചെയ്യണം. ആ നേരത്ത് ഒരു കല്ലില്‍ കയറി വണ്ടി ചാടിത്തെറിക്കുകയും ജോസേട്ടന്റെ ക്ലച്ച് കണ്ട്രോള്‍ പോകുകയും ചെയ്തു. അതായതു കുതിച്ചു പായുന്ന വണ്ടി ഉടനടി റിവേഴ്സ് ഗിയറില്‍ ഇട്ട പോലെ ആയി. ഞാന്‍ ജീവിതത്തില്‍ അതിനു മുന്‍പും ശേഷവും കേള്‍ക്കാത്ത കുറെ ശബ്ദങ്ങള് കേട്ടു. റബര്‍ കത്തുന്ന പോലെ ഒരു മണവും. പിന്നെ വണ്ടി ഫ്രീയായി താഴെക്കിറങ്ങാന്‍ തുടങ്ങി.


അതായതു എഞ്ചിനും ചക്രങ്ങളും തമ്മില്‍ വരാക്കര പൂരപ്പറമ്പില്‍ കണ്ട പരിചയം പോലും ഇല്ലാത്ത ഒരവസ്ഥ. ഇനി രക്ഷയില്ലെന്നു മനസ്സിലാക്കി റോട്ടില്‍ നിന്നും വായുവിലേക്ക് ടേക്ക് ഓഫ്‌ ചെയ്യുന്നതിന് മുന്‍പ് വല്ലവിധേനയും ജീപ്പില്‍ നിന്നും ചാടാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. അപ്പോഴാണ്‌ ജോസേട്ടന്‍ അടുത്ത ബുദ്ധി പ്രയോഗിച്ചത്. ചെങ്കുത്തായ ഇറക്കത്തില്‍ ബ്രേക്കില്ലാതെ പായുന്ന ജീപ്പ് ജോസേട്ടന്‍ വലത്തോട്ടു ചേര്‍ത്ത് മാട്ടത്തിന്മേല്‍ ഉരക്കാന്‍ തുടങ്ങി. സിനിമയില്‍ ബാലന്‍ കെ നായര്‍ തന്റെ കാര്‍ പോലീസ് ജീപ്പിലുരക്കുന്ന പോലെ. ബുദ്ധി മനസ്സിലാക്കിയ ഞാന്‍ നല്ലപോലെ ഇടത്തോട്ടു ചേര്‍ന്ന് കമ്പിയില്‍ ഞാന്നു കിടന്നു. വളവടുത്തു. മാട്ടത്തില്‍ ഉരച്ചുകൊണ്ട് തന്നെ ജോസേട്ടന്‍ തിരിച്ചു. ജീപ്പിന്റെ വലതു വശത്തെ ടാര്‍പോളിന്‍ മൊത്തം കീറി പോയി. കമ്പികള്‍ വളഞ്ഞു . എങ്കിലും വളവു തിരിഞ്ഞു. എന്തോരാസ്വാസം.


തീര്‍ന്നില്ല, പിടിച്ചതിനെക്കാള്‍ വലുത് അളയിലെന്ന പോലെ ഇറക്കങ്ങള്‍ കിടക്കുന്നതേയുള്ളൂ. എങ്കിലും ഇപ്പോള്‍ കഴിഞ്ഞ പോലുള്ള ഷാര്‍പ് വളവുകള്‍ ഇനി ഇല്ല. സമാധാനം. ജീപ്പ് ആരും ചോദിക്കാനില്ലാതെ നിര്‍ബാധം പോയിക്കൊണ്ടിരുന്നു. സ്റ്റീയറിംഗ് നേരെ പിടിക്കുക എന്നത് മാത്രമാണ് ജോസേട്ടന് പണി. കാരണം ബ്രേക്കും ആക്സിലെരേടരും ചവിട്ടിയിട്ടും ഗിയര്‍ ലിവര്‍ പിടിച്ചാട്ടിയിട്ടും പ്രത്യേകിച്ചു വിശേഷം ഒന്നും ഇല്ല എന്നത് തന്നെ. അങ്ങിനെ പരസ്പരം ഒരക്ഷരം മിണ്ടാതെ ഞങ്ങള്‍ സ്തംഭിച്ചിരുന്നു കുറെ ഇറക്കങ്ങള്‍ ഇറങ്ങി. കാട്ടുവഴി ആയതുകൊണ്ടും, പരിസരത്തൊന്നും ഒരാള്‍ പോലും താമസമില്ലാത്തതിനാലും എതിരെ ഒരു വണ്ടിയും വന്നില്ല. വന്നാല്‍ വിശേഷിച്ചൊന്നുമില്ല . അവന്റെ പരിപ്പിളകും അത്രതന്നെ. അല്ലാതെ ഞങ്ങള്‍ എന്ത് ചെയ്യാന്‍.

ഏതിറക്കത്ത്തിനും ഒരു കയറ്റമുണ്ടല്ലോ. അങ്ങനെ ഞാങ്ങളവസാനം ഒരു കയറ്റത്തിലെത്തി. ഇറക്കമിറങ്ങിയ സ്പീട് കാരണം വണ്ടി കുറേയങ്ങു കയറി ഏകദേശം കയറ്റത്തിന്റെ അവസാനം കണ്ടു നിന്നു. പിന്നെ പുറകിലോട്ടു പോകാന്‍ തുടങ്ങി. ജോസേട്ടന്‍ സ്റ്റീയറിംഗ് സ്റ്റഡിയാക്കിപ്പിടിച് ഇടിവെട്ട് കൊണ്ടവനെ പോലെ ഇരുന്നു. വേറൊന്നും ചെയ്യാനില്ല. വണ്ടി പുറകോട്ടു പോയി ഇറങ്ങിയ ഇറക്കം വീണ്ടും കുറച്ചു തിരിച്ചു കയറി. അങ്ങനെ മുന്നോട്ടും പുറകോട്ടും കുറച്ചു തവണ ഇതാവര്‍ത്തിച്ചു. അവസാനം വണ്ടി നിന്നു. ശ്വാസം നേരെ വീണു.


ശാന്തമനസ്സോടെ ആലോചിച്ചപ്പോള്‍ എന്താണ് സംഭാവിച്ചിട്ടുണ്ടാകുക എന്ന് പിടി കിട്ടി. ഗിയര്‍ ബോക്സും ക്ള്ചുമെല്ലാം നാശമായിട്ടുണ്ടാകും അത്രതന്നെ. വഴിയില്‍ ഒരീച്ച പോലും ഇല്ല. ചുറ്റും കനത്ത ഇരുട്ട് മാത്രം. ജീപ്പിന്റെ ഹെഡ് ലൈറ്റ് കുറെ നേരം ഓണാക്കിയിട്ട് റോഡിന്റെ ഏകദേശ കിടപ്പുവശം മനസ്സിലാക്കി. പിന്നെ ഹെഡ് ലൈറ്റ് ഓഫാക്കി ഞങ്ങള്‍ ഇറങ്ങി നടന്നു. ഇരുട്ടില്‍ തപ്പിത്തടഞ്ഞു ഒരു കി. മീ. നടന്നപ്പോള്‍ ഒരു വീട് കണ്ടു. അവിടെ നിന്നും ഒരു തീപ്പെട്ടിയും മെഴുകു തിരിയും വാങ്ങി വീടും നടന്നു. കുറേ പോയപ്പോള്‍ ഒരു വീട്ടില്‍ ഒരു ഓട്ടോ കിടക്കുന്നത് കണ്ടു. അവിടുത്തെ ചേട്ടന്റെ കയ്യും കാലും പിടിച്ചു രാത്രി ഒരു മണിക്ക് ഞങ്ങള്‍ വീട്ടിലെത്തി.



രാവിലെ തന്നെ ജോസേട്ടന്റെ സ്ഥിരം മെക്കാനിക്ക് രാമേട്ടനെ വിളിച്ചു കാര്യം പറഞ്ഞു. വണ്ടി ബ്രേക്ക് ഡൌണ്‍ ആയെന്നു മാത്രമേ ജോസേട്ടന്‍ പറഞ്ഞുള്ളൂ. രാമേട്ടന്‍ വണ്ടി എടുത്തു കൊണ്ട് വരാന്‍ രണ്ടു പിള്ളേരെ വിട്ടു. വൈകുന്നേരം ഞാന്‍ ജോസേട്ടന്റെ കൂടെ രാമേട്ടന്റെ വര്‍ക്ക്‌ ഷോപ്പില്‍ പോയി. അവിടെ നമ്മുടെ ജീപ്പിന്റെ ഗിയര്‍ ബോക്സ്‌ ആന്‍ഡ്‌ ക്ലച് ഹൌസിംഗ് അഴിച്ചു പറുക്കി ഇട്ടിരിക്കുന്നു.
ജോസേട്ടനെ കണ്ട പാടെ രാമേട്ടന്റെ ഡയലോഗ്.


" എന്റെ നാല്‍പതു വര്‍ഷത്തെ വര്‍ക്ക്‌ ഷോപ്പ് ജീവിതത്തില്‍ ഈ പരുവത്തില്‍ ഒരു ഗിയര്‍ ബോക്സും ക്ലച്ചും ഞാന്‍ കണ്ടിട്ടില്ല. ജോസേ, സത്യത്തില്‍ എന്താ സംഭവിച്ചേ?"