Tuesday, June 29, 2010

സാഗരമദ്ധ്യേ താരങ്ങൾ സാക്ഷി - ഭാഗം രണ്ട്.

ജൂനിയർ എഞ്ചിനീയർ സെക്കന്റ് എഞ്ചിനീയറോടൊപ്പം അസിസ്റ്റന്റായി നിന്ന് എല്ലാം പഠിക്കണം എന്നാണു വെപ്പ്. നമ്മൾ പഠിക്കുന്നതെല്ലാം രേഖപ്പെടുത്താൻ വലിയ ഒരു റെക്കോഡ് ബുക്ക് കമ്പനി തന്നിട്ടുണ്ട്‌. (TAR - Training and Assessment Record എന്നോ മറ്റോ ആണ് പേര്.)ഈ കിത്താബിലെ ഓരോ പേജിലും സെക്കന്റ് എഞ്ചിനീയറുടെ സൈൻ വാങ്ങിയാലേ, ഫോർത് എഞ്ചിനീയർ ആകാനുള്ള എക്സാമിന് അപ്പിയർ ചെയ്യാൻ പറ്റൂ.

കപ്പലിലെ പ്രത്യേക സിറ്റുവേഷൻ കാരണം സെക്കന്റ് എഞ്ചിനീയർക്കു പകരം ഫോർത് എഞ്ചിനീയറുമായിട്ടായിരുന്നു മിക്കവാറും എന്റെ ഡ്യൂട്ടി. കക്ഷി ആന്ധ്രാക്കരനാണു്. എന്നേക്കാൾ രണ്ടു വയസ്സേ മൂപ്പുള്ളൂ. അതുകൊണ്ട് ഞങ്ങൾ നല്ല കമ്പനിയായി. അങ്ങിനെ നാലു മാസത്തോളം കഴിഞ്ഞു. എഞ്ചിൻ കണ്ട്രോൾ റൂമിലെ എല്ലാ ഉപകരണങ്ങളും ഞാൻ ഫോർത് എഞ്ചിനീയറുടെ മൗനാനുവാദത്തോടെ സ്വതന്ത്രമായി കൈകാര്യം ചെയ്യും.

ആയിടയ്ക്കാണ് കപ്പലിലെ ജോലി വല്ലാത്ത ബോറിങ്ങാണെന്നും ജീവിതം തുലയ്ക്കലാണെന്നും ഫോർത് എഞ്ചിനീയർ എന്നോട് അഭിപ്രായപെട്ടത്. ഈ കോൺട്രാക്റ്റിനു ശേഷം മിക്കവാറും കപ്പൽ ജോലി വിട്ട് തുടർന്നു പഠിക്കാൻ പോകും എന്നും കക്ഷി എന്നോടു പറഞ്ഞു. ജോലിയിൽ എനിക്കും അല്പം ആവർത്തന വിരസത തോന്നി തുടങ്ങിയിരുന്നു.

എങ്കിലും എന്നും പുതിയ കാര്യങ്ങൾ പഠിക്കുകയും ചെയ്യുകയും ചെയ്തിരുന്നതു കൊണ്ട് ആദ്യമൊക്കെ വിരസത തോന്നിയിരുന്നില്ല. ഇപ്പോഴാണെങ്കിൽ എഞ്ചിൻ റൂമിലെ എല്ലാം പഠിച്ചു കഴിഞ്ഞെന്ന ഒരു തോന്നൽ. മെയിൻ എഞ്ചിൻ മാനോവറിങ്ങ് മാത്രമാണ് ചെയ്യാൻ ബാക്കിയുള്ള ഒരു സംഭവം. (വീതി കുറഞ്ഞ കപ്പൽ ചാലുകളിലൂടെയും, നദികളിലൂടെയും വമ്പൻ കപ്പലിനെ നിയന്ത്രിക്കുമ്പോളാണു ഇതു വേണ്ടി വരുന്നത്) അതാണെങ്കിൽ ഫോർത് എഞ്ചിനീയറെപ്പോലും ചീഫ് ചെയ്യാൻ അനുവദിക്കില്ല. അപകടങ്ങൾ ഉണ്ടാകാൻ ഏറ്റവും സാധ്യതയുള്ള സമയമാണിതെന്നതാണു കാരണം. അതുകൊണ്ടു എനിക്കു ചാൻസേ ഇല്ല ഞാൻ മനസ്സിലാക്കി.

രാത്രി എഞ്ചിൻ റൂമിലെ ഡ്യൂട്ടിക്കു ശേഷം സ്വന്തം കാബിനിലേക്കു പൊകുന്നതിനു മുൻപ് ഞാനെന്നും ബ്രിഡ്ജിൽ അല്പസമയം ചെലവിടും. ബ്രിഡ്ജിൽ നിന്നാണു നാവിഗേറ്റിങ്ങ് ഓഫീസർ കപ്പലിനെ നിയന്ത്രിക്കുന്നത്. ഞാനവിടെ പോകുന്ന സമയത്ത് സെക്കന്റ് ഓഫീസർ ആയിരിക്കും കപ്പൽ നിയന്ത്രിക്കുന്നത്. (Second Mate to the Captain). അദ്ദേഹം ശ്രീലങ്കനാണ്. ഞങൾ രാമായണം മുതൽ എൽ.ടി.ടി.ഇ. വരെ അവിടിരുന്നു ചർച്ച് ചെയ്യും.

പുറം കടലിലാണെങ്കിൽ, ബ്രിഡ്ജിൽ ചാർട്ടിങ്ങ് അല്ലാതെ പ്രത്യേകിച്ചു പണിയൊന്നുമില്ല. പ്രധാന പണി വാച്ച് കീപ്പിങ്ങ് ആണ്. എന്നു വച്ചാൽ വേറേ വല്ല തടസ്സങൾ നമുക്കു മുന്നിൽ ഉണ്ടോ എന്നു നിരീക്ഷിച്ചിരിക്കുക. പകൽ ദൂരദർശിനിയും രാത്രി റേഡാറുകളും അതിനു സഹായിക്കും. (തെറ്റിദ്ധരിക്കേണ്ട. റഡാർ എന്നല്ല, റേഡാർ എന്നാണു ശരിയായ ഉച്ചാരണം.)

കപ്പൽ ജോലിയുടെ ആവർത്തനവിരസതയെക്കുറിച്ച് ഫോർത് എഞ്ചിനീയർ പറഞ്ഞതിനുശേഷം ഒരിക്കൽ ബ്രിഡ്ജിൽ വച്ച് സെക്കന്റ് മേറ്റും ഇതേ കാര്യം സൂചിപ്പിച്ചു. നാവിഗേഷൻ ഓഫീസേഴ്സിനു കപ്പൽ വിട്ടാൽ വേറൊരു ജോലി കിട്ടാൻ പ്രയാസമാണുപോലും. അതുകൊണ്ടാണത്രേ കക്ഷി ഇഷ്ടമില്ലാഞ്ഞിട്ടും ഈ ജോലിയിൽ തുടരുന്നത്. കപ്പലിൽ തുടരണോ വേണ്ടയോ എന്നു ഞാൻ ആലോചിച്ചു തുടങ്ങിയ സമയമായിരുന്നു അത്. മോങ്ങാനിരുന്ന പട്ടിയുടെ തലയിൽ തേങ്ങാ വീണ പോലെയായി എന്റെ കാര്യം.

എനിവേ, ഈ ശ്രീലങ്കനുമായുള്ള അടുപ്പത്തിന്റെ പുറത്താണ് ഞാൻ ആദ്യമേ സൂചിപ്പിച്ച കപ്പലോടിക്കാനുള്ള അവസരം എനിക്കു കിട്ടിയത്. അന്നു ഞങ്ങൾ മെക്സിക്കൻ തുറമുഖത്തുനിന്നും ചുണ്ണാമ്പുകല്ലും കയറ്റി ഗൾഫ് ഓഫ് മെക്സിക്കോ വഴി ഫ്ളോറിഡയിലുള്ള ജാക്സ്ൺ‍വില്ലെ (Jaksonville, ഉച്ചാരണം ശരിയാണോ എന്നു വ്യക്തമല്ല.) തുറമുഖത്തേക്കു പോകുകയായിരുന്നു. ബ്രിഡ്ജിൽ നിന്നും നോക്കിയാൽ തെളിഞ്ഞ അന്തരീക്ഷമുള്ള പകൽ സമയങ്ങളിൽ ഏകദേശം പത്തു മൈൽ അകലെ ചക്രവാളം കാണാം. രാത്രിയായതിനാൽ ഒന്നും കാണാനില്ല. വലതുവശത്ത് ചക്രവാളത്തിൽ എന്തോ വെളിച്ചം കാണാം. ക്യൂബയിലെ ഹവാനാ നഗരത്തിൽ നിന്നുള്ള വെളിച്ചമാണെന്നു സെക്കന്റ് മേറ്റ് പറഞ്ഞു. (ശ്രീനിവാസന്റെ അറബിക്കഥയിലെ ക്യൂബാ മുകുന്ദനായിരുന്നെങ്കിൽ, അപ്പോഴേ ചാടി നീന്തിയേനെ!)

ഒരുപക്ഷേ ഞാനിനി കപ്പലിലേക്കു തിരിച്ചു വരിലെന്നും വേറെ വല്ല പണിയും നോക്കുമെന്നും ഞാൻ പറഞ്ഞു. കുറച്ചുനേരത്തേക്കു ബ്രിഡ്ജിൽ നിശബ്ബ്ദത പരന്നു. ഏകദേശം 35 മീറ്റർ താഴെ 40000 കുതിര ശക്തിയുള്ള മെയിൻ എഞ്ചിനും രണ്ടു 2MW ജനറേറ്ററുകളും ഫുൾ സ്പീഡിൽ വച്ചു പെരുക്കുകയാണ്. എങ്കിലും വീൽ ഹൗസ് അഥവാ ബ്രിഡ്ജിൽ അതിനു തെളിവായി നേർത്ത ഒരു വിറയൽ മാത്രം. അത്രക്കുണ്ട് NVH സപ്രഷൻ. (Noise Vibration Hazzard Suppression).
കപ്പലിൽ നിന്നും സൈൻ ഓഫ് ചെയ്യുന്നതിനു മുൻപ് എന്നെങ്കിലും എനിക്കീ വളയം ഒന്നു പിടിക്കണമെന്ന് പ്രൈവറ്റു ബസ്സിലെ കിളി ഡ്രൈവറോടു പറയുന്ന പോലെ ഞാൻ സെക്കന്റ് മേറ്റിനോടു പറഞ്ഞു.

കപ്പൽ പുറം കടലിലാണെങ്കിൽ പ്രത്യേകിച്ച് വളയം പിടിക്കേണ്ട കാര്യമൊന്നുമില്ല. കാരണം ഓടോ പൈലറ്റു മോഡിലാണു കപ്പൽ പുറം കടലിൽ പോകുന്നത്. ഒരിക്കൽ സെറ്റ് ചെയ്തു വച്ച് പാതയിൽ തന്നെ വേറെ തടസ്സങ്ങൾ ഒന്നും ഇല്ലെങ്കിൽ കപ്പൽ തനിയേ പോയ്ക്കൊണ്ടിരിക്കും. നാവിഗേറ്റിങ്ങ് ഓഫീസർ ഓടോ പൈലറ്റിൽ നിന്നും കപ്പലിനെ മാറ്റിയാൽ അതിനുള്ള കാരണം ലോഗ് ചെയ്യണം. മാത്രവുമല്ല ഓടോ പൈലറ്റിൽ നിന്നും മാറ്റുന്നത് എഞ്ചിൻ റൂമിൽ അറിയിക്കണം. ഞങ്ങളുടെ പഴഞ്ചൻ കപ്പലിലാണെങ്കിൽ മാനുവൽ പൈലറ്റിങ്ങിനു ശേഷം ഓടോ പൈലറ്റ് സെറ്റ് ചെയ്യുന്ന്ത് ഒരല്പം സമയം കളയുന്ന പണിയുമാണ്. അതുകൊണ്ട് എന്റെ ആഗ്രഹം അത്യാഗ്രഹമാണെന്ന് എനിക്കു തന്നെ അറിയാമായിരുന്നു.

അല്പനേരത്തെ മൗനത്തിനു ശേഷം അദ്ദേഹം പറഞ്ഞത് എനിക്കൊരിക്കലും മറക്കാൻ കഴിയാത്ത വാക്കുകളാണ്.
"Let us do it tonight. right now itself".

എഞ്ചിൻ റൂമിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ബംഗ്ളാദേശി തേർഡ് എഞ്ചിനീയറെ ഫോണിൽ വിളിച്ച് മാനുവൽ പൈലറ്റിങ്ങ് നോട്ടീസ് കൊടുത്തു. (ഈ തേഡ് എഞ്ചിനീയർ ഒരു കഥാപാത്രം തന്നെയാണ്. വായിൽ വിരലിട്ട് കുത്തിയാലും കടിക്കില്ല. ബംഗ്ളാദേശിലെ ഒരു എം.പി യുടെ മകനാണത്രേ! നമ്മുടെ ചീഫ് എഞ്ചിനീയറും സെക്കന്റ് എഞ്ചിനീയറും ഇദ്ദേഹത്തെ ചീത്ത വിളിക്കുന്നത് കേട്ടാൽ പെറ്റമ്മ മത്രമല്ല, ബംഗ്ളാദേശ് ബോർഡറിലെ ബി.എസ്.എഫുകാരു പോലും സഹിക്കില്ല.) ലോഗ് ബുക്കിൽ എന്തോ കാരണം എഴുതി. പത്തു മിനിറ്റിനു ശേഷം കപ്പലിതാ മാനുവൽ മോഡിൽ. ഇപ്പോഴത്തെ പുത്തൻ കപ്പലുകൾക്ക് മാരുതി കാറിന്റേതു പോലുള്ള ചെറിയ സ്റ്റീറിങ്ങ് ആണുള്ളത്. ഒറ്റ വിരലുകൊണ്ടു നിയന്ത്രിക്കാം.


ഞങ്ങളുടെ കപ്പൽ വളരേ സീനിയർ ആയതുകൊണ്ട് (70 മോഡൽ) കക്ഷിക്കു സിനിമകളിൽ കാണുന്ന തരം വലിയ വീലാണുള്ളത്. പിന്നെ പായ്ക്കപ്പലുകളിലെ പോലെ സർവ്വ ശക്തിയും എടുത്ത് അതിനോട് പഞ്ച്ഗുസ്തിയൊന്നും പിടിക്കേണ്ട എന്നു മാത്രം. പതുക്കെ തിരിച്ചാൽ മതി. അനുസരിച്ചോളും. കുറച്ചുനേരം സെക്കന്റ് മേറ്റ് വീലെല്ലാം പിടിച്ച് എല്ലാം ഓ.കെ. എന്നുറപ്പു വരുത്തി. പിന്നെ എന്നെ വിളിച്ച് കണ്ട്രോൾ എനിക്കു തന്നു. എന്റെ കണ്ട്രോൾ പോയി. അല്ല, പോയേനെ. സെക്കന്റ് അടുത്ത് തന്നെ നില്പുണ്ട്. ഞാൻ വല്ല ആക്രാന്തവും കാട്ടിയാലോ എന്നു കരുതിക്കാണും.

വർത്തമാനകാലത്ത്, സൂപ്പർ മാർക്കറ്റുകൾക്കു മുന്നിലെ ഒരു ദിർഹത്തിന്റെ കോയിനിട്ട് പ്രവർത്തിപ്പിക്കുന്ന ടോയ് കാറിലിരുത്തുമ്പോൾ, എന്റെ മൂന്ന് വയസ്സുകാരൻ പുത്രൻ ആവേശം കൊണ്ടതിന്റെ സ്റ്റീറിങ്ങ് പമ്പരം പോലെ തിരിക്കും. അന്നാരാത്രിയിൽ അതുപോലൊരു മുഖഭാവം എന്നിൽ അദ്ദേഹം കണ്ടിരിക്കണം. എന്തായാലും കക്ഷി എന്റെ അടുത്തുനിന്നും മാറിയില്ല.


ഒരു ലക്ഷം ടൺ ഭാരമുള്ള ഒരു പടുകൂറ്റൻ കപ്പലിതാ എന്റെ നിയന്ത്രണത്തിൽ. ഞാൻ ഇടത്തേക്കു പോകാൻ പറഞ്ഞാൽ ഇവൾ ഇടത്തേക്കു തിരിയും എന്ന ചിന്ത തന്നെ എന്നിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത കോരിത്തരിപ്പ് ഉണ്ടാക്കി. (എല്ലാ കപ്പലുകളും പെണ്ണുങ്ങളാണെന്നാണ് വെപ്പ്. കൊച്ചിൻ ഷിപ്പ്‌യാർഡിൽ ഞങ്ങൾക്ക് ക്ളാസ്സെടുത്തിരുന്ന നായർ സാർ, അതിന്റെ കാരണം പറഞ്ഞു തന്നിട്ടുണ്ട്. സംഗതി അല്പം അശ്ലീലമായതുകൊണ്ട് ഇവിടെ എഴുതാൻ മേല) ഏകദേശം അര മണിക്കൂർ അങ്ങിനെ കഴിഞ്ഞു പോയത് ഞാനറിഞ്ഞതേയില്ല. അതിനു ശേഷം പതിനഞ്ചു മിനിറ്റോളം കപ്പലിനെ വീണ്ടും ഓടോ മോഡിലാക്കാനെടുത്തു. പിന്നീട് സെക്കന്റിന്റെ ഡ്യൂട്ടി കഴിയുവോളം ഞങ്ങൾ എന്തെല്ലാമോ പറഞ്ഞിരുന്നു.


റേഡാറിൽ പച്ചനിറത്തിലുള്ള കുത്തുകളായി ക്യൂബാ മുകുന്ദന്റെ സ്വപ്നരാജ്യത്തിലെ ബോട്ടുകൾ കാണാം. രാത്രി വളരേ വൈകിയിരിക്കുന്നു. എന്റെ വലിയോരാഗ്രഹം സാധിച്ച സന്തോഷത്തോടെ ഞാൻ ഉറങ്ങാനായി കാബിനിലേക്കു പോയി.


ബാക്കി അടുത്ത പോസ്റ്റിൽ. (വേണ്ടെങ്കിൽ, ഇപ്പൊ പറയണം)

3 comments:

  1. കുറേ കാലായി കപ്പലീകേറണമെന്ന ആഗ്രഹം തുടങ്ങീട്ട്. താങ്ക്യൂ താങ്ക്യൂ... ഇനീം പോരട്ടെ...

    ReplyDelete
  2. കപ്പല്‍ വിശേഷങ്ങള്‍ നന്നായിട്ടുണ്ട്,അടുത്തത് ഉടനെ വേണം...

    ReplyDelete
  3. ഞാനിവിടെ ആദ്യമായാണു വരുന്നത്, സത്യം പറയാലോ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു..ഈ ബ്ലോഗ്,
    കലക്കൻ, കപ്പൽ യാത്രയിലെ ബാക്കി ഭാഗങ്ങൾ കൂടി വായിക്കാൻ ആകാംക്ഷയോടേ കാത്തിരിക്കുന്നു..
    ( കൂടെ ഞാനും കൂടുന്നുണ്ട്ട്ടോ..)

    ReplyDelete