Tuesday, June 29, 2010

സാഗരമദ്ധ്യേ താരങ്ങൾ സാക്ഷി - ഭാഗം ഒന്ന്.

സാഗരമദ്ധ്യേ താരങ്ങൾ സാക്ഷി - ഭാഗം രണ്ട്.

സാഗരമദ്ധ്യേ താരങ്ങൾ സാക്ഷി - ഭാഗം മൂന്ന്.

സാഗരമദ്ധ്യേ താരങ്ങൾ സാക്ഷി - അവസാന ഭാഗം.


ഡ്രൈവർ പുലി ജോസേട്ടന്റെ കഥ പറഞ്ഞപ്പോൾ സ്വന്തമായി ഒരു വാഹനമില്ലാത്തതുകൊണ്ടു വണ്ടിയോട്ടാൻ മുട്ടി നിന്നിരുന്ന ഞാൻ ചെന്ന് പെട്ട ഗുലുമാല് വായിച്ചല്ലോ?

ഇല്ലേ?! അതുശരി. എങ്കിലത് ഇവിടെ വായിക്കാം.

പിന്നീട് ആ കുറവ് തീർക്കാൻ ജീവിതത്തിൽ എനിക്ക് പല അവസരങ്ങളും കിട്ടി. 300 മീറ്റർ നീളവും, 30 മീറ്റർ വീതിയും, പതിനഞ്ചു നില കെട്ടിടത്തിന്റെ ഉയരവും, 40,000 കുതിര ശക്തിയുമുള്ള ഒരു വെരി സ്മാൾ കപ്പൽ ഓടിക്കാൻ കിട്ടിയ അവസരമാണതിലൊന്നു്.


തലയിണമന്ത്രം സിനിമയിൽ മാമുക്കോയ പറയുന്ന പോലെ, പോളി ടെക്നിക്കിലൊന്നും പഠിച്ചിട്ടില്ലാത്തതിനാൽ യന്ത്രങ്ങളുടെ പ്രവർത്തനരീതികൾ അത്രക്കങ്ങു പിടിയില്ലാതിരുന്ന കാലത്താണ്‌, അതു നന്നായി മനസ്സിലാക്കാനുള്ള അടക്കാനാവാത്ത ആഗ്രഹം കൊണ്ട്‌, ഞാൻ മെക്കാനിക്കൽ ബ്രാഞ്ചെടുത്തു എഞ്ചിനീയറിങ്ങ് പഠിക്കാൻ തീരുമാനിച്ചത്. (ഓ.ടോ. എഞ്ചിനീയറിങ് കോളേജിൽ പഠിച്ചാൽ അതു സാധിക്കും എന്നു നിങ്ങൾ കരുതുന്നുണ്ടെങ്കിൽ തെറ്റി. വേണ്ട, ഞാനൊന്നും പറയുന്നില്ല.)


അങ്ങനെ തൃശ്ശൂർ എഞ്ചിനീയറിങ് കോളേജിലെ പഠിത്തത്തിന്റെ ഭാഗമായി കൊച്ചിൻ ഷിപ്‌യാർഡ് കാണാൻ പൊയപ്പോളേ നമ്മൾ തീരുമാനിച്ചിരുന്നു, ജോലി എടുക്കുന്നെങ്കിൽ അതു കപ്പലിൽതന്നെ.
കോളേജിൽ വച്ചു പേരു മാത്രം കേട്ടിട്ടുള്ള ഒട്ടുമുക്കാൽ മെക്കാനിക്കൽ ഐറ്റംസും ഒരു കപ്പലിൽ ഉണ്ട്. ഡൈലി ഉഗ്രൻ ഫൈവ് സ്റ്റാർ ഫുഡ്. ലോകം മുഴുവനും ഫ്രീയായി ചുറ്റാം. ഇതിനെല്ലാം പുറമേ, ഒരഞ്ചെട്ടു കൊല്ലം കൊണ്ടു പ്രൊമോഷൻ നേടി ഒരു ചീഫ് എഞ്ചിനീയർ ആയാൽ മാസം ആറു ലക്ഷം രൂപ വരെ (2000ൽ) ശംബളം കിട്ടാം.



എന്റമ്മോ, ഇതു മതി, ഇതു മതി, ഇതു തന്നെ മതി. എനിവേ, രോഗി വിഷ് ചെയ്തതും വൈദ്യൻ ഓർഡർ ചെയ്തതും ജോണി വാക്കർ എന്നു പറഞ്ഞപോലെ, ഫൈനൽ എക്സാം കഴിയുന്നതിനു മുന്നേ തന്നെ ഒരു വമ്പൻ ഷിപ്പിങ്ങ് കമ്പനിയിൽ ജോലിയും കിട്ടി. (വമ്പൻ എന്നു പറഞ്ഞാൽ, ആകെ മൊത്തം ടോട്ടൽ 560 കപ്പലുണ്ട്` ഗഡിക്ക്. ഇന്ത്യൻ ഗവേണ്മെന്റ് കമ്പനിയായ SCI ക്കു പോലും അന്നു 200ൽ താഴെ കപ്പലേ ഉള്ളൂ.)കപ്പലിൽ ജൂനിയർ എഞ്ചിനീയർ എന്ന ഒരു പോസ്റ്റ് ഉണ്ട്. അതാണ് എന്റെ ആദ്യ ജോലി.


ഒരു പഞ്ചായത്തിലെ മുഴുവൻ ആളുകൾക്കും സമ്മേളിക്കാൻ പോന്ന വലിപ്പമുള്ള കപ്പലിൽ ജോലിക്കാരായി ഞങ്ങൾ 16 പേർ മാത്രം. മൂന്നു ഡിപ്പാർട്ടുമെന്റുകളാണു ഒരു കപ്പലിൽ സാധാരണയായി ഉണ്ടായിരിക്കുക. നാവിഗേഷൻ, എഞ്ചിൻ, കാറ്ററിങ് എന്നിവയാണവ. നാവിഗേഷനിൽ ക്യാപ്റ്റൻ, ചീഫ് ഓഫീസർ, സെക്കൻഡ് ഓഫീസർ, തേർഡ് ഓഫീസർ, കേഡറ്റ് എന്നിവരാണ് മുൻഗണനാ ക്രമത്തിലുള്ളത്. അതുപോലെ ചീഫ് എഞ്ചിനീയർ, സെക്കൻഡ് എഞ്ചിനീയർ, തേർഡ് എഞ്ചിനീയർ, ഫോർത് എഞ്ചിനീയർ, ജൂനിയർ എഞ്ചിനീയർ എന്നിവർ എഞ്ചിൻ സെക്ഷനിലും ഉണ്ടായിരിക്കും. കാറ്ററിങ്ങിൽ ഒരു ചീഫ് കുക്കും ഒന്നോ രണ്ടോ അസിസ്റ്റന്റ്സോ കാണും. പിന്നെ നാവിഗേഷൻ, എഞ്ചിൻ ഡിപ്പാർട്ടുമെന്റുകളിലായി മൂന്നോ നാലോ ഹെല്പേഴ്സും കാണും.


ആറു ഷിഫ്റ്റുകളായാണു ജോലി സമയം തിരിച്ചിരിക്കുന്നത്. അതുകൊണ്ടു പതിനാറു പേരിൽ മൂന്നോ നാലോ പേരെയാണു എന്നും കാണുന്നത്. ഞാൻ ജോയിൻ ചെയ്തപ്പോൾ ഉണ്ടായിരുന്ന ചീഫ് എഞ്ചിനീയറും സെക്കന്റ് എഞ്ചിനീയറും മലയാളികളായിരുന്നു. "കേരളത്തിനു പുറത്തു മലയാളി മലയാളിക്കു പാര" എന്ന തത്വത്തിനു യാതൊരു കോട്ടവും വരുത്താതിരിക്കാൻ രണ്ടു പേരും പരമാവധി ശ്രമിക്കുന്നുണ്ട്.



മെക്സിക്കോയിലെ ഒരു തുറമുഖത്തുനിന്നും ചുണ്ണാമ്പുകല്ല് കയറ്റി അമേരിക്കയിലെ (USA) വിവിധ തുറമുഖങ്ങളിലേക്കായിരുന്നു ഞങ്ങളുടെ കപ്പലിന്റെ യാത്ര. മെക്കാനിക്കൽ എഞ്ചിനീയറിങ്ങ് നാലു കൊല്ലം പഠിച്ചിട്ട്, ആ ലൈൻ വേണ്ടെന്ന് വച്ച് IT യിലോട്ട് ചേക്കേറിയിരുന്നവരായിരുന്നു എന്റെ എഞ്ചിനീയറിങ്ങ് ബാച്ചിലെ ഭൂരിപക്ഷവും. USA ആണവന്മാരുടെ ഡ്രീം ഡെസ്റ്റിനേഷൻ. അവരിൽ നിന്നും ആദ്യമായി ഒരുത്തൻ അമേരിക്കയിൽ കാലു കുത്തുന്നതിനു മുൻപേ, എന്റെ പാസ്പോർട്ടിൽ ഇരുപത്തി ആറു തവണ അമേരിക്കൻ എൻട്രി സ്റ്റാമ്പ് പതിഞിരുന്നു. അമ്പട ഞാനേ!


ചുണ്ണാമ്പു കല്ലു കയറ്റുന്ന മെക്സിക്കൻ തുറമുഖം ഒരു സംഭവം തന്നെയാണ്. അതൊരു ചുണ്ണാമ്പു ഖനിയുടെ സ്വകാര്യ തുറമുഖമാണ്. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന വെള്ള മണൽ വിരിച്ച ബീച്ചുകൾ, ബീച്ചിൽ സാൽസാ നൃത്തവും, ബാന്റുകളും മദ്യവുമായി രാത്രി മുഴുവൻ തുറന്നിരിക്കുന്ന പബ്ബുകൾ. ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും ടൂറിസ്റ്റുകളുമായി വരുന്ന കാർണിവൽ ഷിപ്പിങ്ങ് കമ്പനിയുടെ കൂറ്റൻ ഓഷ്യൻ ലൈനറുകൾ. നമ്മുടെ ബോളിവുഡ് താരങ്ങളൊക്കെ ദശലക്ഷങ്ങൾ പൊടിച്ചാണത്രേ ഇവിടെ ഒഴിവുകാലം ആഘോഷിക്കുന്നത്. ഈ തീരത്താണു ഞങ്ങൾ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഫ്രീയായി ചെന്നിറങ്ങുന്നത്. അമ്പമ്പട ഞാനേ!!!


മിക്കവാറും സമയം അമേരിക്കൻ തീരത്തായതുകൊണ്ടു ഓയിൽ പൊലൂഷൻ ഉണ്ടാകാതിരിക്കാൻ വലരെയധികം ശ്രദ്ധിക്കണം. എങ്ങാനും അല്പം ഓയിൽ കടലിൽ പോയാൽ, ചീഫ് എഞ്ചിനീയറുടെ കാര്യം ഗോപി. അമേരിക്കൻ ജയിലിൽ കിടന്നു ഗോതമ്പുണ്ട തിന്നാം. സോറി, അവിടെ എന്താ കിട്ടുന്നതെന്നുവച്ചാൽ അതു തിന്നാം. നമ്മുടെ ചീഫ് എഞ്ചിനീയർ ആണെങ്കിൽ മലയാളികൾക്കപമാനമായി ഒരു മഹാ പേടിത്തൊണ്ടൻ. എനിക്കങ്ങനെയൊക്കെ പറയാം, കാരണം ജയിലിൽ കിടക്കേണ്ടതങ്ങേരാണല്ലോ! അമേരിക്കൻ തീരത്തെത്തിയാൽ ഉടൻ കക്ഷി ഒരു ടോർച്ചുമെടുത്ത് എഞ്ചിൻ റൂമിലോട്ടിറങ്ങും. പിന്നെ പുറത്തേക്കുള്ള എല്ലാ വാൽ‍വുകളും അടച്ചു ഒരു ചങ്ങലയിട്ടു പൂട്ടും. ഇനി ആരെങ്കിലും അങ്ങേർക്കിട്ടു പണിയാൻ മനപൂർവ്വം ഓയിൽ തുറന്നുവിട്ടാലോ എന്നാണു കക്ഷിയുടെ പേടി. ആളുടെ സൽസ്വഭാവം വച്ചു നോക്കിയാൽ ആർക്കെങ്കിലും അങ്ങിനെ ഒരു പൂതി തോന്നിയാൽ കുറ്റം പറയാനൊക്കില്ല.


ഇദ്ദേഹത്തിന് എന്തോ കുഴപ്പമുണ്ടെന്ന് ആദ്യമായി പരിചയപ്പെട്ടപ്പോഴേ എനിക്കു തോന്നിയിരുന്നു. പിന്നീട് മറ്റേതൊരു മലയാളിയേയും പോലെ, മേലുദ്യോഗസ്ഥ്ന്റെ മൈനസ് പൊയിന്റുകൾ സഹപ്രവർത്തകരോടൊത്തു കൂലങ്കഷമായി (സത്യമായിട്ടും, ഈ വാക്കിന്റെ അർത്ഥം എനിക്കറിയില്ല. എങ്കിലും ഒരൊരിതുണ്ട്) ചർച്ച ചെയ്തപ്പോളാണു കുഴപ്പത്തിന്റെ കാരണം പിടി കിട്ടിയത്.
കപ്പലിൽ ക്യാപ്റ്റനാകാൻ അടിസ്താന യോഗ്യത പ്ലസ് ടൂ ആണ്. ചീഫ് എഞ്ചിനീയർ ആകണമെങ്കിൽ എഞ്ചിനീയറിങ്ങ് ബിരുദവും പിന്നെ മറീൻ എഞ്ചിനീയറിങ്ങിൽ ഒരു വർഷത്തെ PG Certification ഉം വേണം. ക്യാപ്റ്റനും ചീഫ് എഞ്ചിനീയർക്കും ഒരേ റാങ്കും ശമ്പളവുമാണ്. എന്നിരുന്നാലും ക്യാപ്റ്റനാണു കപ്പലിന്റെ ഓൾ ഇൻ ഓൾ. അദ്ദേഹത്തിന്റേതാണു് അവസാനവാക്ക്. അതുകൊണ്ടു തന്നെ പല കപ്പലുകളിലും ക്യാപ്റ്റനും ചീഫും തമ്മിൽ കണ്ടുകൂടാത്തവിധം സ്നേഹമാണു്.



ഈ ഈഗോ ക്ളാഷിൽ പലപ്പോഴും "നീ വെറും പ്രീഡിഗ്രീ അല്ലേടാ" എന്നു മനസ്സിൽ പറഞ്ഞാണ് എഞ്ചിനീയർമാർ നിർവൃതി കൊള്ളുക. പട്ടണപ്രവേശം സിനിമയിൽ ലാലേട്ടൻ ശ്രീനിയെ വിളിക്കുന്ന പോലെ, "കോൺസ്റ്റബിൾ" എന്നു പരസ്യമായി വിളിക്കില്ലെന്നു മാത്രം. ശ്രീനിയെ പോലെ "പ്രീ ഡിഗ്രീ അത്ര മോശം ഡിഗ്രീയൊന്നുമല്ല" എന്നൊന്നും ക്യപ്റ്റന്മാർ തിരിച്ചു പറയാറില്ല. പകരം "നീയൊക്കെ എന്തു കുന്തം പഠിച്ചാലും, ഈ കപ്പലിൽ കേമൻ ഞാൻ തന്നഡേയ്" എന്നു മനസ്സിൽ പറയും.


നമ്മുടെ ചീഫ് എഞ്ചിനീയറുടെ പ്രശ്നം ഇൻഫീരിയോരിറ്റി കോമ്പ്ള്ക്സാണെന്ന മഹത്തായ കണ്ടുപിടുത്തം ആദ്യ ആഴ്ചയിൽ തന്നെ ഞാൻ നടത്തി. ബിരുദം അടിസ്ഥാന യോഗ്യതയാക്കാത്ത കാലത്തേ കപ്പ്ലിൽ കയറിപ്പറ്റിയതാണു കക്ഷി. ക്യാപ്റ്റനോടു ഗുസ്തി പിടിക്കാൻ ഒരു ഡിഗ്രീ കയ്യിലില്ലാത്തതും ഗ്രാജുവേറ്റ്സും പോസ്റ്റ് ഗ്രാജുവേറ്റ്സും ആയ കീഴുദ്യോഗസ്ഥരും ആയിരുന്നു കക്ഷിയുടെ പ്രോബ്ളം.


തന്റെ ടെക്നിക്കൽ വീക്നെസ്സ് ഷിപ്പിങ്ങ് കമ്പനിയിലെ മേലുദ്യോഗസ്ഥരിൽ നിന്നും മറയ്ക്കാൻ കക്ഷി സെക്കന്റ് എഞ്ചിനീയറെ സോൾ ഗഡിയാക്കി. ടെക്നിക്കൽ നോളേജ് വേണ്ട എല്ലാ കാര്യങ്ങളും അയാളെക്കൊണ്ടു ചെയ്യിപ്പിച്ചു. സെക്കന്റ് ഈ അവസരം ശരിക്കും മുതലാക്കി. ചീഫ് എന്ന പാവയെ മുൻ‍നിർത്തി സെക്കന്റ് എഞ്ചിൻ ഡിപ്പാർട്ട്മെന്റ് ഭരിച്ചു. ചീഫ് മിക്കപ്പോഴും അദ്ദേഹത്തിന്റെ കാബിനിലിരുന്നു സമയം കൊല്ലും. വാൽ‍വടച്ച് ചങ്ങലയിടാൻ മാത്രം താഴെ വരും. സെക്കന്റ് ചീഫിന്റെ പണി ചെയ്യും. തേഡ് സെക്കന്റിന്റെ. അങ്ങിനെ അങ്ങിനെ.


ഇതുകൊണ്ട് എനിക്കൊരു ഗുണമുണ്ടായി. ശരിക്കും ജൂനിയർ എഞ്ചിനീയർ ഒരു ട്രെയ്നീ മാത്രമാണ്. ഉത്തരവാദപ്പെട്ട ഒരു ജോലിയും ഒറ്റക്കു ഒരു ട്രെയ്നിക്കു നൽകാൻ പാടില്ല. എങ്കിലും മേലേ വിവരിച്ച പോലെയുള്ള സെറ്റപ്പിൽ ഞാൻ ഫോർത് എഞ്ചിനീയരുടെ പണിയാണ് ചെയ്യുന്നത്. കിട്ടിയ അവസരം പരമാവധി ഞാനും ഉപയോഗിച്ചു. 30 വർഷം പഴക്കമുള്ള കപ്പലിൽ എന്നും എന്തെങ്കിലും കേടാകും. ഞാൻ എല്ലാത്തിലും കൈ വച്ചു. പ്യൂരിഫയറുകൾ (ഒരു സെക്കന്റിൽ 600 തവണ കറങ്ങുന്നവയാണിവ. ഈ സംഭവങ്ങൾ അന്ന് അഴിച്ച് പഠിച്ചത് പിന്നീട് എനിക്കു വലിയ ഗുണം ചെയ്തു. അതു പിന്നെ പറയാം.) പമ്പുകൾ, ജനറേറ്ററുകൾ (രണ്ടു മെഗാ വാട്ടിന്റെ ആറെണ്ണം) ബോയിലർ, ഹീറ്റ് എക്സ്ചേഞ്ചറുകൾ, എ. സി. സിസ്റ്റെംസ്, എന്നു വേണ്ട മെയിൻ എഞ്ചിനൊഴിച്ച് ഒരു വിധം എല്ലാ ഐറ്റംസും അഴിച്ചു പരിപ്പിളക്കി. (മെയിൻ എഞ്ചിനൊഴിച്ച് ബാക്കി എല്ലാത്തിനും redundancy അഥവാ സ്പെയർ ഉണ്ട്. അതുകൊണ്ട് നോ വറീസ്.)എന്തിനേറെ പറയുന്നു, എഞ്ചിൻ കൺട്രോൾ റൂമിലെ പി.സിയെ പോലും ഞാൻ വെറുതേ വിട്ടില്ല.


ബാക്കി അടുത്ത പോസ്റ്റിൽ......
(തുടരും) ഹി...ഹീ.. അതുവേണോ?

3 comments:

  1. ഇതു മതി, ഇതു മതി, ഇതു തന്നെ മതി.

    ReplyDelete
  2. കൊള്ളാം. നല്ല വിവരണം. കപ്പലില്‍ ജോലി ചെയ്യാന്‍ എനിക്കും കൊതിയാവുന്നു.
    ഒരു സജഷന്‍ : ആ ബ്ലോഗിന്‍റെ ഡിസൈന്‍ ഒന്ന് മാറ്റരുതോ ? ഇപ്പൊ ബ്ലോഗ്ഗറില്‍ തന്നെ ഉഗ്രന്‍ ടിസയിനുകള്‍ ഉണ്ട് . ട്രൈ ചെയ്തു നോക്ക്

    ReplyDelete
  3. ദുശാസ്സനന്‍, സന്ദർശനത്തിനു നന്ദി. കാഴ്ച്യ്ക്കുള്ള ഭംഗിയേക്കാൾ വായനയ്ക്കുള്ള എളുപ്പത്തെ കരുതിയാണ്‌ വെള്ള ബാക്ക് ഗ്രൗണ്ടിൽ കറുത്ത വലിയ അക്ഷരങ്ങളാക്കിയത്. എങ്കിലും താങ്കളുടെ അഭിപ്രായത്തെ മാനിച്ച് മറ്റ് ഡിസൈനുകളും ഒന്നു നോക്കി കളയാം.

    ReplyDelete