Sunday, July 31, 2011

സാഗരമദ്ധ്യേ താരങ്ങൾ സാക്ഷി - അവസാന ഭാഗം.


എന്റെ പ്രഥമ ബ്ലോഗ് പരീക്ഷണം.

സാഗരമദ്ധ്യേ താരങ്ങൾ സാക്ഷി - ഭാഗം ഒന്ന്.

സാഗരമദ്ധ്യേ താരങ്ങൾ സാക്ഷി - ഭാഗം രണ്ട്.

സാഗരമദ്ധ്യേ താരങ്ങൾ സാക്ഷി - ഭാഗം മൂന്ന്.

അടുത്ത ഭാഗം നാളെ എന്നും പറഞ്ഞ് നിറുത്തിയിട്ട്, കൃത്യം ഒരു വര്‍ഷവും 31 ദിവസങ്ങളും കഴിഞ്ഞു.. ആദ്യത്തെ മൂന്നു ഭാഗങ്ങളും ഒറ്റയിരുപ്പിന്‌ എഴുതിതീർത്തിരുന്നെങ്കിലും പിന്നീട് നമ്മുടെ സന്തത സഹചാരിയായ മടി തല പൊക്കിയതിനാൽ അവസാന ഭാഗം എഴുതാൻ ഇതു വരെ കഴിഞ്ഞിരുന്നില്ല.

എത്രയും പെട്ടെന്ന് എഴുതി തീർക്കാം എന്നു ചില ബ്ളോഗ് സുഹൃത്തുക്കൾക്ക് നൽകിയ വാക്ക് പാഴ്വാക്കായി. എന്തായാലും ഇനി കൂടുതൽ വൈകുന്നില്ല.

നേരത്തേ സെക്കന്റ് എഞ്ചിനീയറുടെ കൂടെക്കൂടിയത് ദോഷമായി എന്നു പറഞ്ഞല്ലോ. അതെങ്ങിനെയെന്നിപ്പോൾ പറയാം. മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീ ആയതിന്റെ ചൊരുക്കിലാണ് സെക്കന്റ്. പഴയ ചീഫിന്റെ മുൻപിൽ ഇദ്ദേഹം ഒരു ടെക്നിക്കൽ പുലിയായിരുന്നെങ്കിലും പുതിയ ആളുടെ മുൻപിൽ പുലി പോയിട്ടൊരു എലി പോലുമല്ല.

പുതിയ ഡ്യൂട്ടി ഷെഡ്യൂൾ പ്രകാരം ഞാൻ സെക്കന്റിനോടൊപ്പമായതിനാൽ ഞാനുമായി ഉടക്കിയിട്ടായിരുന്നു കക്ഷി ചീഫിനോടുള്ള കലിപ്പൊക്കെ തീർത്തിരുന്നത്. ചീഫിന്‌ ഫോർത്ത് എഞ്ചിനീയറോടും (വിവരമുള്ളതിനാൽ) എന്നോടും (വിനീതോത്സുകനയായ വിദ്യാർത്ഥിയായതിനാൽ) അല്പം ഇഷ്ടക്കൂടുതൽ ഉള്ളതും ഇതിനൊരു കാരണമായിരുന്നു.


നേരത്തേ പറഞ്ഞ TAR Book എന്ന സംഭവത്തിൽ സെക്കന്റിന്റെ ഒപ്പും സീലും വാങ്ങണമെന്നതിനാൽ തിരിച്ചൊരു പണി കൊടുക്കാനുള്ള സ്കോപ്പും അപ്പോഴില്ലായിരുന്നു. കണ്ട്രോൾ റൂമിൽ വരുന്ന എല്ലാ അലാമുകളും ഞാൻ ശരിയായി പ്രിവെന്റീവ് മെയിന്റനൻസ് ചെയ്യാത്തതു കൊണ്ടും വാച്ച് കീപ്പിങ്ങ് ചെയ്യാത്തതു കൊണ്ടുമാണെന്നും വെറുതേ ആരോപിച്ച് കൊണ്ടിരിക്കും. ഒരു തരം റാഗിംഗ് എന്നു വേണമെങ്കിൽ പറയാം. തുടർന്നുള്ള കരിയറിനെ ബാധിക്കുന്ന സംഭവമായതിനാൽ ഞാൻ അറിയാവുന്ന ഡിപ്ലോമസിയൊക്കെ പ്രയോഗിച്ച് റെക്കോഡ് ബുക്കിന്റെ ഏകദേശം പകുതി പേജുകളിലും ഒപ്പും സീലുമെല്ലാം വാങ്ങി വച്ചു.

ക്ളാസ്സ് ഫോർ എക്സാം (ഫോർത്ത് എഞ്ചിനീയർ പ്രൊമോഷനു വേണ്ടിയുള്ള എക്സാം) ഒന്നു കഴിഞ്ഞിട്ട് വീണ്ടും കപ്പലിൽ തന്നെ വരുകയാണെങ്കിൽ (സെക്കന്റ് തുടർച്ചയായി ഇതേ കപ്പലിൽ തന്നെയാണ്‌ ജോലി ചെയ്യുന്നത്‌) തന്നെ അപ്പോൾ കണ്ടോളാം എന്നു മനസ്സിൽ പറഞ്ഞ് തൽക്കാലത്തേക്ക് കലിപ്പടക്കി.

വരാക്കര രാത്രി കുളം മൂല, തൃശ്ശൂർ എഞ്ചിനീയറിങ്ങ് കോളേജിലെ 2000 മെക്കാനിക്കൽ ബി ബാച്ച്, കൊച്ചിൻ ഷിപ്‌യാർഡിലെ 2001 എം. ഇ. ടി ബാച്ച് മുതലായ വേദികളിൽ ആഗോളാടിസ്ഥാനത്തിൽ നടന്നിട്ടുള്ള പഞ്ചഗുസ്തി മത്സരങ്ങളിലെ ചാമ്പ്യനും, കോളേജ് വോളിബോൾ ടീം മെമ്പറും സർവ്വോപരി ആറടി നൂറ് കിലോയുമായ എന്നെയാണു്‌ സിനിമയിൽ വന്നകാലത്തെ ഇന്ദ്രൻസിനോട് രൂപസാദൃശ്യമുള്ള സെക്കന്റ് തന്റെ ഔദ്യോഗിക പദവി ഉപയോഗിച്ച് ചൊറിയുന്നത്‌.



രാവിലെ നാലു മുതൽ എട്ടുവരെ ഞാനും സെക്കന്റും കണ്ട്രോൾ റൂമിൽ തനിച്ചാണെന്നത് കണക്കിലെടുത്ത് ആ സമയത്ത് സെക്കന്റിനെയെടുത്തൊന്നു പെരുക്കിയാലോ എന്നു വരെ ഞാൻ ആലോചിച്ചിരുന്നു. എന്തായാലും ജൂനിയറുടെ കയ്യിൽ നിന്നും ദക്ഷിണ കിട്ടിയത് സെക്കന്റ്‌ വേറാരോടും പറയാൻ വഴിയില്ല, തന്നെയുമല്ല എനിക്കദ്ദേഹത്തിന്‌ നൽകാനുള്ള സന്ദേശം വാക്കുകളുപയോഗിക്കുന്നതിനേക്കാൾ കാര്യക്ഷമമായി കൈമാറുവാനും സാധിക്കും.

അങ്ങിനെയിരിക്കുമ്പോളാണ്‌ സ്ഥിതിഗതികളെല്ലാം കീഴ്മേല്‍ മറിച്ച ഒരു വാര്‍ത്ത കേട്ടത്‌. ഒരു അത്യാവശ്യ കാര്യത്തിനായി സെക്കന്റിന് ഉടനേ സൈന്‍ ഓഫ് ചെയ്ത് നാട്ടിലെത്തേണ്ടതുണ്ടത്രേ! ഞങ്ങളപ്പോ‍‍ള്‍ ഗള്‍ഫ് ഓഫ് മെക്സിക്കോയിലാണു്‌. സാധാരണ ഗതിയില്‍ മൂന്നു ദിവസത്തിനകം തീരത്തെത്തും. സെക്കന്റ് പെട്ടിയെല്ലാം കെട്ടി അക്ഷമനായി കഴിയുകയാണ്‌.




അദ്ദേഹത്തിന്റെ കഷ്ടകാലത്തിന്‌ പെട്ടെന്നാണ്‌ കാലാവസ്ഥ മാറാന്‍ തുടങ്ങിയത്. നിങ്ങള്‍ റീത്ത, കാറ്റ്റീന എന്നെല്ലാം കേട്ടിരിക്കുമല്ലോ. സുന്ദരികളുടെ പേരല്ല! മറിച്ച് ഗള്‍ഫ് ഓഫ് മെക്സിക്കോയില്‍ എല്ലാ വര്‍ഷവും ദുരിതം വിതറുന്ന ഉഗ്രരൂപിണികളായ ചുഴലിക്കൊടുങ്കാറ്റുകളുടെ വിളിപ്പേരുകളാണാ മനോഹര പദങ്ങള്‍. അത്തരമൊന്നിന്റെ വരവറിയിച്ച് കൊണ്ടുള്ള എല്ലാ ലക്ഷണങ്ങളും കണ്ട് തുടങ്ങി. കുറച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ അത് ശരി വച്ചുകൊണ്ടുള്ള ഔദ്യോഗിക അറിയിപ്പും കപ്പലില്‍ കിട്ടി.


രണ്ടാഴ്ചയോളം കപ്പല്‍ ഒരേ സ്ഥലത്തു തന്നെ നല്ല കാലാവസ്ഥ കാത്തു കിടന്നു. ചുഴലിക്കൊടുങ്കാറ്റ് കപ്പലിന്റെ പൊസിഷനില്‍ നിന്നും നൂറു മൈല്‍ ദൂരത്തു കൂടി കടന്നു പോയി. ഞങ്ങള്‍ അന്നനുഭവിച്ചത് വാക്കുകളിലൂടെ വിവരിക്കാന്‍ മാത്രം സര്‍ഗ്ഗശേഷി എനിക്കുണ്ടായിരുന്നെങ്കില്‍ എന്ന് ഞാനാഗ്രഹിച്ച് പോകുന്നു.


Perfect Storm എന്ന ഹോളിവുഡ് ചിത്രം നിങ്ങള്‌ കണ്ടു കാണുമല്ലോ. അതില്‍ കാണിക്കുന്ന കടലിന്റെ ഉഗ്രഭാവം ഒട്ടും തന്നെ അതിശയോക്തി അല്ലെന്ന് എനിക്കനുഭവത്തിലൂടെ മനസ്സിലായി.
അന്‍പതടിയോളം ഉയരമുള്ള തിരകള്‍‍‍ കപ്പലിന്റെ മെയിന്‍ ഡെക്കിനു മുകളിലൂടെ തലങ്ങും വിലങ്ങും പോകുന്നു. ആരെങ്കിലും ഡെക്കിനു മുകളിലുണ്ടെങ്കില്‍ ഞൊടിയിടയില്‍ കടലിലെത്തും. മുഴുവന്‍ കപ്പാസിറ്റിയില്‍ ചരക്ക് കയറ്റിയിരിക്കുന്നതിനാല്‍ കപ്പല്‍ ഡെക്ക് ഏറ്റവും താണാണിരിക്കുന്നത്. അത്തരം സമയത്ത് വമ്പന്‍ തിരകളുടെ ഭീകരത ഒന്നാലോചിച്ച് നോക്കൂ.


 സീല്‍ ചെയ്തിട്ടുള്ള അക്കൊമൊഡേഷനില്‍ നിന്നും ഒരാളും ഒരറിയിപ്പുണ്ടാകുന്നതു വരെ പുറത്തിറങ്ങരുതെന്ന്‌ ക്യാപ്റ്റന്റെ ഉഗ്രശാസനയുണ്ട്. എങ്കിലും എത്ര നാള്‍ പുറത്തിറങ്ങാതെ കഴിയും? ഒരാഴ്ചക്കു ശേഷം കടലല്‍പം ശാന്തമായപ്പോള്‍ ഞാന്‍ ആരും കാണാതെ പുറത്തിറങ്ങി. അപ്പോഴും കാറ്റ് നന്നായി വീശുന്നുണ്ട്. ഒരു പറ്റം കടല്‍കാക്കള്‍ പറന്നു വരുന്നത് കണ്ടു. പൊടുന്നനെ കാറ്റിനു ശക്തി കൂടുകയും പക്ഷികള്‍ പറക്കാനാകാതെ കപ്പലിന്റെ വിവിധ ഭാഗങ്ങളില്‍ വന്നിറങ്ങുകയും ചെയ്തു. വന്നു വീണു എന്നു വേണം പറയാന്‍. അവയിലൊന്നു വീണത്‌ എന്റെ തൊട്ടരികില്‍ ഉണ്ടായിരുന്ന ഒരു ട്രേയിലായിരുന്നു. അപ്പോഴാണതിന്റെ വലിപ്പം ഞാന്‍ ശ്രദ്ധിച്ചത്‌. ഒരു കടല്‍ കാക്കയേക്കാള്‍ വളരേ വലുതായിരുന്നു ആ പക്ഷി. ചിറകുകളുടെ അഗ്രങ്ങള്‍ തമ്മില്‍ രണ്ടുമീറ്ററിലധികം ദൂരമുണ്ടാകണം. അത്തരമൊരു വലിയ പക്ഷിയുടെ കണ്ട്രോള്‍ നഷ്ടപ്പെടുത്തിയ കാറ്റിന്റെ ശക്തി ഊഹിക്കാവുന്നതേ ഉള്ളൂ.


അതിനടുത്ത ദിവസമാണ്‌ ദുസ്വപ്നങ്ങളില്‍ ഇന്നും എന്നെ ഭയപ്പെടുത്തുന്ന ആ കാഴ്ച ഞാന്‍ കണ്ടത്. തലേന്നു രാത്രി തന്നെ കടല്‍ വീണ്ടും പ്രക്ഷുബ്ധമായി രൗദ്രഭാവം പൂണ്ടിരുന്നു. അലമാര തുറന്ന് സാധനങ്ങള്‍ നിലത്ത് വീഴുന്ന ഒച്ച കേട്ടിട്ടാണ്‌ ഉണര്‍ന്നതു തന്നെ. ഉച്ചയോടെ കടല്‍ വിവരണാതീതമായ ഭയാനക രൂപത്തിലെത്തി. 40 വര്‍ഷങ്ങള്‍ കടലില്‍ ചിലവഴിച്ച ഞങ്ങളുടെ ക്യാപ്റ്റന്‍ ഇത്രയും മോശം കാലാവസ്ഥ ആദ്യമായാണ്‌ അഭിമുഖീകരിക്കുന്നത് എന്ന് പറഞ്ഞതായി സെക്കന്റ് മേറ്റ് എന്നോട് പറഞ്ഞു. കേട്ട പാടെ എന്റെ പകുതി ജീവന്‍ പോയി. തീരത്തെത്തുമ്പോഴെല്ലാം ഞാന്‍ വീട്ടിലേക്ക് ഫോണ്‍ ചെയ്യുന്നതാണ്. അവസാനം വിളിച്ചിട്ടിപ്പോള്‍ രണ്ടാഴ്ചയായി. എന്തേ വൈകുന്നു എന്നാകുലപ്പെട്ടിരിക്കുന്ന അമ്മയും അച്ഛ്നുമെല്ലാം ഒരു നിമിഷം മനസ്സിലൂടെ കടന്നു പോയി.



ഇടതടവില്ലാതെ പ്രവര്‍ത്തിക്കുന്ന വൈപ്പറുകള്‍ ബ്രിഡ്ജിനു ചുറ്റിനുമുള്ള വിന്‍ഡ് ഷീല്‍ഡുകള്‍ വൃത്തിയാക്കാന്‍ പണിപ്പെടുന്നു. ഒരു വമ്പന്‍ തിര കണ്ടാല്‍ ഉടനേ കപ്പലിനെ ആ തിരക്കഭിമുഖമായി തിരിക്കണം. വശങ്ങളിലൂടെ ഒരു വന്‍ തിര കടന്നു പോയാല്‍‍ കപ്പല്‍ മറിയാന്‍ സാധ്യതയേറെയാണ്‌. അതു കൊണ്ടാണിങ്ങനെ ചെയ്യുന്നത്. അത്തരം രണ്ടു തിരകള്‍ക്കു നടുവിലെ ഗര്‍ത്തത്തിലേക്കു കപ്പലിന്റെ മുന്‍ഭാഗം പതിക്കുന്നത് ഉള്‍ക്കിടിലം ഉണ്ടാക്കുന്ന ഒരു കാഴ്ചയാണ്‌.

മറീന്‍ എഞ്ചിനീയറിങ്ങില്‍ Sagging, Hogging എന്നിവയെ പറ്റി പഠിച്ചിരുന്നു. ഒരു ഈര്‍ക്കിലിയുടെ രണ്ടറ്റങ്ങളില്‍ ഒരാള്‍ പിടിച്ചിരിക്കുന്നു എന്നു കരുതുക. ഈര്‍ക്കിലിയുടെ നടുവില്‍ ഒരാള്‍ താഴോട്ട് ബലം പ്രയോഗിച്ചാല്‍ ഈര്‍ക്കിലി അകത്തോട്ട് വളയും. ഇതാണ്‌ Sagging. മറിച്ച് ആദ്യത്തെയാള്‍ ഈര്‍ക്കിലിയുടെ നടുവില്‍ പിടിക്കുകയും രണ്ടാമന്‍ അഗ്രങ്ങളില്‍ താഴോട്ട് ബലം പ്രയോഗിക്കുകയും ചെയ്താല്‍ ഈര്‍ക്കിലി പുറത്തോട്ട് വളയും. ഇതാണ്‌ Hogging. കപ്പലിന്റെ കാര്യത്തിലും ഇതു സംഭവിക്കും. ഉദാഹരണത്തിന്‌ ഒരു വന്‍ തിര കപ്പലിന്റെ നടുഭാഗത്തെ മുകളിലേക്ക്‌ ഉയര്‍ത്തിയെന്നിരിക്കട്ടെ. രണ്ടറ്റങ്ങളും ഒരു ഈര്‍ക്കിലി പോലെ താഴോട്ടു വളയും. (Hogging). മറിച്ചും സംഭവിക്കാം.

തിയറി ക്ളാസ്സില്‍ അങ്ങിനെയൊക്കെ പഠിച്ചെങ്കിലും ഉരുക്കുകൊണ്ടു നിര്‍മ്മിച്ച ഒരു കപ്പല്‍ അങ്ങിനെ വളയുമെന്നത് സാമാന്യ അനുഭവങ്ങളില്‍ നിന്നും ഉളവാകുന്ന അറിവിനു വഴങ്ങുന്നതായിരുന്നില്ല.

പക്ഷേ, ഞാനതു കണ്ടു. കണ്ട് വിശ്വസിച്ചു. ഞാന്‍ ഏകനായി ഡെക്കില്‍ നില്‍ക്കുമ്പോള്‍ കപ്പല്‍ അകത്തോട്ടും പുറത്തോട്ടും വളയുന്ന രംഗം പിന്നീട് പലപ്പോഴും എന്റെ ഉറക്കം കെടുത്തിയിട്ടുണ്ട്.


അങ്ങിനെ ഈ അപ്രതീക്ഷിത കാലാവസ്ഥാ മാറ്റം, സെക്കന്റിന്റെ നാട്ടിലേക്കുള്ള യാത്ര രണ്ടാഴ്ച വൈകിപ്പിച്ചു. അത്യാവശ്യ കാര്യത്തിന്‌ നാട്ടിലെത്താന്‍ സാധിക്കാതെ വിഷമിച്ചിരിക്കുന്ന സെക്കന്റിനെ കാണുമ്പോള്‍ എനിക്കു സഹതാപം തോന്നി. കക്ഷിയുടെ സ്വഭാവത്തിനും പ്രകടമായ മാറ്റങ്ങള്‍ വന്നു. എന്നോടിപ്പോള്‍ കക്ഷി എക്സ്ട്രാ ഡീസന്റാണ്‌. (തിരിച്ചു കേരളത്തിലേക്കല്ലേ പൊകുന്നത്! ഞാനിനി വല്ല കൊട്ടേഷനും കൊടുത്താലോ എന്നു വിചാരിച്ചിട്ടാകും!)
 

മേല്‍ വിവരിച്ച പല അനുഭവങ്ങളും എന്നെ ഇരുത്തി ചിന്തിപ്പിച്ചു. അല്ല, കിടത്തി ചിന്തിപ്പിച്ചു എന്നു വേണം പറയാന്‍. കാരണം, ഫോര്‍കാസിലില്‍ (കപ്പലിന്റെ മുന്‍ഭാഗം) ചുരുട്ടി വച്ചിരിക്കുന്ന മൂറിങ്ങ് റോപില്‍ (കപ്പലിനെ കെട്ടിയിടുന്ന വടം)അനന്തശയനം നടത്തിയായിരുന്നു ചിന്തകളെല്ലാം.


രാത്രി എട്ടുമണിക്ക് ഡ്യൂട്ടി കഴിഞ്ഞാല്‍, ഒരു ബീയറുമെടുത്ത് ഫോര്‍കാസിലിലേക്ക് നടക്കും. നല്ല പതു പതുത്ത മെത്ത പോലെയാണ്‌ ചുരുട്ടി വച്ചിരിക്കുന്ന വടം.ഒന്‍പതു മണി വരെ അതില്‍ കയറിക്കിടക്കും. കപ്പല്‍ വെള്ളത്തെ കീറി മുറിക്കുന്ന നേര്‍ത്ത ഒച്ച ഒഴിച്ചാല്‍ പരിപൂര്‍ണ്ണ നിശബ്ദത ആയിരിക്കും ചുറ്റിനും.

നാലര ലക്ഷത്തോളം രൂപ മാസം ശമ്പളം വാങ്ങുന്നയാളാണ് സെക്കന്റ്. പക്ഷേ ഒരത്യാവശ്യം വന്നപ്പോള്‍ അദ്ദേഹത്തിന്റെ വന്‍ ബാങ്ക് ബാലന്‍സ് അദ്ദേഹത്തിന്റെ തുണക്കെത്തിയില്ല.
എത്ര ശമ്പളം ഉണ്ടായിരുന്നാലും, എന്തൊക്കെ സൗകര്യങ്ങള്‍ ഉണ്ടായിരുന്നാലും, സഞ്ചാര സ്വാതന്ത്ര്യം ഇല്ലെങ്കില്‍ എന്തു ഫലം?
"ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍...'എന്നാണു കവിവചനം. പാരതന്ത്ര്യം മാനികള്‍ക്കു മൃതിയേക്കാള്‍ ഭയാനകം എന്നുമുണ്ട്.
 
ചിന്തിക്കും തോറും കപ്പലിലെ ജോലി കൂടുതല്‍ അസ്വീകാര്യമായിത്തീര്‍ന്നു. അങ്ങിനെ ഒരു ദിവസം ബീയറടിച്ച് അനന്തശയനം നടത്തുമ്പോള്‍ ഞാനാ തീരുമാനമെടുത്തു. മതി, നിര്‍ത്തി. ഇനി കപ്പലിലേക്കില്ല.
 
ഉറച്ച തീരുമാനമെടുത്ത് കഴിഞ്ഞപ്പോള്‍ മനസ്സിന്‌ വല്ലാത്ത ലാഘവത്വം. എന്തൊരാശ്വാസം. ഇനി സെക്കന്റിന്റെ സൈന്‍ വാങ്ങുന്നതിനേക്കുറിച്ചോര്‍ത്ത് പേടിക്കണ്ട. വേണമെങ്കില്‍ ഒറ്റക്കു കിട്ടുമ്പോള്‍ സെക്കന്റിനെ ഒന്നു പെരുക്കാം. പക്ഷേ എന്തു ചെയ്യാം, അപ്പോഴേക്കും പഴയ സെക്കന്റ് നാട്ടിലെത്തി ഒരു മാസം കഴിഞ്ഞിരുന്നു. പുതിയ കക്ഷിയാണെങ്കില്‍ പുതിയ ചീഫിനെപോലെത്തന്നെ ഒരു ഡീസന്റ് മനുഷ്യന്‍.

കപ്പല്‍ ജോലിക്കിനിയില്ലെന്നതല്ല ഞാന്‍ അന്ന്‌ എടുത്ത പ്രധാന തീരുമാനം. അത്‌ മറ്റു ചില തീരുമാനങ്ങളുടെ ഫലം മാത്രമേ ആകുന്നുള്ളൂ.


1. മേലില്‍ മാനസികമായി പൊരുത്തപ്പെടാനാവാത്ത ഒരു ജോലിയും ഞാന്‍ ചെയ്യില്ല.

2. ഞാന്‍ ചെയ്യാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു ജോലിയേ ഇനി ചെയ്യൂ.

3. ജോലി മാറുമ്പോള്‍ ശമ്പളവര്‍ദ്ധന ഒരു മാനദണ്ഠമാക്കില്ല.

4. വേറെ ജോലി കിട്ടിയില്ലെങ്കിലും, ഇഷ്ടമില്ലാത്ത ജോലിയില്‍ (തനിക്കോ തൊഴില്‍ ദാതാവിനോ)ഒരു നിമിഷം പോലും തുടരില്ല.

മേല്‌പറഞ്ഞവയാണ്‌ ഞാനന്ന് സാഗരമദ്ധ്യേ താരങ്ങള്‍ സാക്ഷിയായി എടുത്ത തീരുമാനങ്ങള്‍.

പത്തു വര്‍ഷങ്ങള്‍‍ക്കു ശേഷം തിരിഞ്ഞു നോക്കുമ്പോള്‍ ആ തീരുമാനങ്ങള്‍ കൊണ്ടൊരിക്കലും ദുഖിക്കേണ്ടി വന്നിട്ടില്ല. നല്ലതേ ഉണ്ടായിട്ടുള്ളൂ. കപ്പല്‍ ജോലിക്കു ശേഷം ടെക്സോള്‍,ഐഷര്‍ ട്രാക്ടേഴ്സ്, ആന്‍സിസ്കോ, ഹെങ്കെല്‍‍ ടെറോസാന്‍, കോനെ എലിവേറ്റേഴ്സ്,ഡ്രെസ്സര്‍ റാന്‍ഡ്, ടോപാസ് എഞ്ചിനീയറിങ്ങ്, ആല്‍ഫാ ലാവല്‍ എന്നീ കമ്പനികളില്‍ ജോലി ചെയ്തു. ഇപ്പോള്‍ ഹാംവര്‍ത്തി എന്ന ഇംഗ്ളീഷ് കമ്പനിയില്‍ ഒരു പറ്റം നല്ല സുഹൃത്തുക്കളോടൊപ്പം ജോലി ചെയ്യുന്നു. 

പത്ത് വര്‍ഷങ്ങള്‍ക്കുള്ളില്‍ ജോലി ചെയ്ത കമ്പനികളുടെ എണ്ണം തന്നെ മുന്‍തീരുമാനങ്ങളില്‍ നിന്നും വ്യതിചലിച്ചിട്ടില്ല എന്നതിനു തെളിവാണ്‌.
പുസ്തകങ്ങള്‍ക്കോ, അദ്ധ്യാപകര്‍ക്കോ നല്‍കാന്‍ സാധിക്കാത്ത പാഠങ്ങള്‍ സ്വാനുഭവങ്ങള്‍ എനിക്കു നല്‍കി.
അങ്ങിനെ, എന്റെ കപ്പല്‍ ജോലിയെക്കുറിച്ച് വിവരിച്ച് നിങ്ങളെ ബോറടിപ്പിച്ച് കൊല്ലുന്ന ഈ സാഹസം ഞാനിതോടെ നിറുത്തുകയാണ്‌.

ഇതു വരേയും വായിച്ചെത്തുന്നതിന്‌ ആരെങ്കിലും ക്ഷമ കാണിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടും അവരുടെ ക്ഷമയേയും ധൈര്യത്തേയും അഭിനന്ദിച്ചുകൊണ്ടും നിറുത്തട്ടെ.

5 comments:

  1. നാലു ഭാഗങ്ങളായി എഴുതിയ ഈ അനുഭവക്കുറിപ്പുകളില്‍ ഞാന്‍ ഒട്ടേറെ അക്ഷരത്തെറ്റുകള്‍ വരുത്തിയിട്ടുണ്ട്. "മലയാലം കുരച്ച് കുരച്ച്" അറിയുന്നവരെ പോലെ അഭിമാനത്തോടെയല്ല ഞാനിതു പറയുന്നത്, മറിച്ച് അത്യധികം അപമാനബോധത്തോടെയാണ്. മാതൃഭാഷയില്‍ എന്തെങ്കിലും കുത്തിക്കുറിച്ചിട്ട് ഇരുപതോളം വര്‍ഷങ്ങളായെന്നത് കണക്കിലെടുത്ത് പ്രിയ വായനക്കാര്‍ സദയം ക്ഷമിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

    ReplyDelete
  2. muzhuvan vayichilla ..pinnedu varaam...

    pinne njan quasis il anu jolly cheyyunne..
    snehathode ...
    pradeep

    ReplyDelete
  3. 3. ജോലി മാറുമ്പോള്‍ ശമ്പളവര്‍ദ്ധന ഒരു മാനദണ്ഠമാക്കില്ല.

    ee advice valare super , ellavarum ithu follow cheyyendathanu... panam matramalla jeevitham

    nanadi...

    ReplyDelete
  4. പ്രിയപ്പെട്ട മനു,

    താങ്കളുടെ വിവരണം മൂന്നെണ്ണം ഏറെക്കുറെ വായിച്ചു. ഏതാണ്ട് ഒരു ഐഡിയ കിട്ടി. വീണ്ടും വായിക്കണം. വായനക്കാരെ സുഖിപ്പിക്കുന്ന ഭാഷയാണ് മനുവിന്റേത്. നല്ല ചേലില്‍ എഴുതിപ്പോകുന്നു. കുറേക്കൂടി എഴുതി ഒരു പുസ്തകമാക്കണം. Title ഞാനിപ്പോഴേ നിര്‍ദ്ദേശിക്കാം: 'കള്ളന്‍ കപ്പലില്‍ തന്നെ'!

    ReplyDelete
  5. ഒന്ന് ഇരുന്ന് വായിക്കാം മാത്രം ഉണ്ട്, വായിക്കാം

    ReplyDelete